ഓണമടുത്തു, മലയാളികളുടെ പ്രിയപ്പെട്ട ഇനത്തിന്റെ വില കുത്തനെ താഴേക്ക്
കൊടുങ്ങല്ലൂർ: ഓണം അടുത്തതോടെ കുതിച്ചുയർന്ന നേന്ത്രക്കായയുടെ വില വീണ്ടും താഴേക്ക്. രണ്ടാഴ്ച മുൻപ് മൊത്തവിപണിയിൽ കിലോഗ്രാമിന് 58 – 60 രൂപയുണ്ടായെങ്കിലും ഇപ്പോൾ നേർപകുതിയായി കുറഞ്ഞു. കഴിഞ്ഞ ദിവസം നല്ലയിനം നേന്ത്രക്കായ 30 – 35 രൂപയ്ക്കായിരുന്നു വിൽപ്പന ചെയ്തത്.
തമിഴ്നാട് മേട്ടുപ്പാളയം നേന്ത്രക്കായയാണ് കൂടുതൽ എത്തുന്നത്. അവിടെ ഉത്പാദനം കൂടിയതും വിപണിയിൽ സുലഭമായതുമാണ് വിലയിടിയാൻ കാരണം. നേന്ത്രക്കായയുടെ വില കുറഞ്ഞത് ഓണം കൂടുന്നവർക്ക് ആശ്വാസമാകും.
വരവ് കായയുടെ വില കുറഞ്ഞതോടെ നാടൻ നേന്ത്രക്കായുടെയും വില കുറഞ്ഞു. മഞ്ഞാലി, മാള കുണ്ടൂർ, കുഴൂർ എന്നിവിടങ്ങളിൽ നിന്നാണ് കോട്ടപ്പുറം മാർക്കറ്റിൽ നാടൻ കായ എത്തുന്നത്. നാടൻ നേന്ത്രക്കായയ്ക്ക് മൊത്തവിപണിയിൽ 40 രൂപയാണ് വില.
മാറ്റമില്ലാതെ പച്ചക്കറി വില
നേന്ത്രക്കായ വില കുറഞ്ഞെങ്കിലും പുറത്ത് നിന്നെത്തുന്ന റോബസ്റ്റ, ചെറുകായ, ഞാലിപ്പൂവൻ എന്നിവയ്ക്ക് വില കുറഞ്ഞിട്ടില്ല. റോബസ്റ്റയ്ക്ക് 30 രൂപയും ചെറുകായയ്ക്ക് 35 രൂപയും ഞാലിപ്പൂവന് 80 രൂപയുമാണ് വില. കായ പഴുത്തത് വിൽക്കുമ്പോൾ കിലോഗ്രാമിന് പത്തുരുപ വ്യാപാരികൾ അധികം വാങ്ങാറുണ്ട്. പച്ചക്കറിയുടെ വിലയിൽ കാര്യമായ മാറ്റമില്ലാതെ ഇന്നലെയും തുടർന്നു. അതേസമയം സവാളയുടെ വില കൂടുകയും ഉള്ളി വില താഴുകയും ചെയ്തിട്ടുണ്ട്.
പച്ചക്കറി വില വിവരം
സവാള: 50
ഉള്ളി:50
ഉരുളക്കിഴങ്ങ്: 48
തക്കാളി:30
ഇഞ്ചി:150
പയർ: 28
കാബേജ്: 34
മുരിങ്ങക്കായ: 32
കാരറ്റ്: 70
ബീൻസ്:64
ചെറിയ ചേമ്പ്: 50
വലിയ ചേമ്പ്: 70
ചേന: 65
Source link