KERALAMLATEST NEWS

പിവി അൻവറിന്റെ ആരോപണം: എഡിജിപി അജിത്കുമാറിനെതിരെ പൊതുവേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോട്ടയം: സംസ്ഥാന പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നിലമ്പൂർ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി അജിത്കുമാറിനെതിരെയാണ് മുഖ്യമന്ത്രി ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത്. കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ആരോപണങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘മുൻ വിധികളില്ലാതെ അന്വേഷിക്കും. എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കും. പൊലീസ് സേനയിലെ പുഴുക്കുത്തുകളെ ഒഴിവാക്കിയിട്ടുണ്ട്. പത്ത് വർഷത്തിനിടെ 108 പേരെ പുറത്താക്കി. ഒരാൾ ചെയ്ത തെറ്റ് മുഴുവൻ കളങ്കമായി മാറുന്നു. വിട്ടുവീഴ്ചകളില്ലാതെ ഇനിയും നടപടിയുണ്ടാകും. സത്യസന്ധമായ ഉദ്യോഗസ്ഥർക്ക് കലവറയില്ലാത്ത പിന്തുണയുണ്ടാകും. ഉദ്യോഗസ്ഥർ സ്വതന്ത്രമായും നീതിപൂർവമായും പ്രവർത്തിക്കണം’- കോട്ടയത്തെ പൊതുവേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.

അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രിയും ഡിജിപിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും പത്തനംതിട്ട എസ്‌പി സുജിത് ദാസ് കരിപ്പൂർ വഴിയെത്തുന്ന സ്വർണം തട്ടിയെടുത്തെന്നും അൻവർ ആരോപിച്ചിരുന്നു.

സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിഷയമായി മാറിയതോടെ രണ്ടു ഉദ്യോഗസ്ഥരെയും ക്രമസമാധാനചുമതലയിൽനിന്ന് മാറ്റി നിറുത്തണമന്ന് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ദിവസം എഡിജിപി അജിത് കുമാർ ഡിജിപിയെയും മുഖ്യമന്ത്രിയെയും സന്ദർശിച്ച് തന്റെ ഭാഗം വിശദീകരിച്ചിരുന്നു.


Source link

Related Articles

Back to top button