കൂടെ ആരുമില്ലെന്ന് പറയരുത്, എല്ലാവരും ഉണ്ട്: നിവിനു പിന്തുണയുമായി ബാല
നിവിൻ പോളിക്കെതിരെ യുവതി നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ നടനെ പിന്തുണച്ച് ബാല. ഈ നിയമപോരാട്ടത്തിൽ കൂടെ ആരുമില്ലെന്ന് ഒരിക്കലും ചിന്തിക്കരുതെന്നും താനടക്കമുള്ളവർ നിവിനൊപ്പം എല്ലാ പിന്തുണയുമായി ഉണ്ടെന്നും ബാല പറയുന്നു.
‘‘നിവിൻ പോളിയെ ബഹുമാനിക്കണം. ഒരു നടനെന്ന നിലയിലോ സുഹൃത്തോ ആയല്ല, പൗരനെന്ന നിലയിലാണ് ഞാൻ പറയുന്നത്. അദ്ദേഹണം കാണിച്ച ആദരവും ധൈര്യവും ഉണ്ട്. ‘ഞാൻ എവിടെയും ഓടിപ്പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്.’ അതല്ലേ വേണ്ടത്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവിടെ തന്നെ ഉണ്ടാകണം.
നിങ്ങൾക്ക് അറിയാത്തൊരു പോയിന്റും ഞാൻ പറയാൻ പോകുന്നു. എന്താണ് ആരോപണം. ആണോ പെണ്ണോ മറ്റൊരാളിൽ കുറ്റം ചാർത്തുന്നു. അത് തെളിയിക്കേണ്ടത് ആരുടെ കടമയാണ്. അത് കൊടുത്ത ആളുടെ കടമയാണ്. നിയമം പഠിക്കണം. ഇതിൽ നിവിൻ പോളിയുടെ കടമയല്ല, ഈ കുറ്റം തെളിയിക്കേണ്ടത്. ഇങ്ങനെയല്ലെങ്കിൽ ഈ ലോകത്ത് ആർക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാം. വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കൊടുത്താൽ അതിന്റെ വരുംവരായ്കകൾ അവർ നേരിടണം.
നിവിൻ പറഞ്ഞു, ഏതറ്റം വരെയും പോകും. ഞാൻ പുള്ളിയെ കാണാത്ത ഒരാളാണ്. പക്ഷേ കുറച്ച് താരങ്ങൾ പറഞ്ഞിട്ടുണ്ട്, ഇവിടെ ബ്ലാക്ക്മെയിലിങ് ഉണ്ട്. എന്റെ ഫോണിലും കുറച്ച് സന്ദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഞാനത് കൂളായി കൈകാര്യം ചെയ്തപ്പോൾ, കോമഡിക്കു ചെയ്തതാണെന്നു പറഞ്ഞു.
നിയമം ജയിക്കണം. യഥാർഥ കുറ്റവാളികൾ പലപ്പോഴും രക്ഷപ്പെടാറുണ്ട്. അങ്ങനെ രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുക്കാനാണ് നിവിൻ പോളിയെ ഈ കേസിൽ പിടിച്ചിട്ടത്.
നിവിൻ പോളിക്ക് ഞാൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയർന്നപ്പോൾ ഉടനടി തന്റെ ഭാഗം വിശദീകരിക്കുകയും, പത്രസമ്മേളനം വിളിച്ചു ചേർക്കുകയും മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. അതിൽ ഒരു വലിയ ആണത്തം ഉണ്ട്.
ഇവിടെത്തന്നെയുണ്ട് എന്ന് അദ്ദേഹം പറയുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ട്. ഈശ്വരതുല്യമായി ഞങ്ങൾ കാണുന്നതാണ് സിനിമാ മേഖല. എത്രയോ കുടുംബങ്ങൾ ഇത് വിശ്വസിച്ചു ജീവിക്കുന്നു. ഇങ്ങനെയൊരു സ്റ്റാർ വന്ന് കാര്യം പറയുമ്പോൾ മനസ്സുകൊണ്ട് ബഹുമാനം തോന്നുന്നു. പിന്നീട് നിവിൻ പറഞ്ഞു, ഇതിൽ ഗൂഢാലോചനയുണ്ട്. നിവിന് ആരുമില്ല ഒറ്റയ്ക്ക് നേരിടണമെന്നു പറഞ്ഞു, ഒരിക്കലുമല്ല ഞങ്ങളെല്ലാം അദ്ദേഹത്തിനൊപ്പമുണ്ട്. ‘അമ്മ’ സംഘടന കൂടെയുണ്ട്.
നിവിൻ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞു കഴിഞ്ഞു. അതിന്റെ പ്രതിഫലനം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നതിന് മുൻപ് നിയമം പഠിക്കുക. വലിയ വലിയ താരങ്ങൾ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോൾ പലപ്പോഴും പേര് പറയാറില്ല. അത് തെളിയിക്കേണ്ട കടമ അവരുടേതായി പോകും. ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് അത് കൊടുത്തവർ അനുഭവിക്കേണ്ടി വരിക. അങ്ങനെ എട്ടു വർഷം കോടതിയിൽ കഷ്ടപ്പെട്ട മനുഷ്യനെ എനിക്കറിയാം.’’–ബാലയുടെ വാക്കുകൾ.
English Summary:
Harassment Case: Director Bala Pledges Full Support to Nivin Pauly
Source link