മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളം പിടിക്കില്ല
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക പിടിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. ധനവകുപ്പ് അഡിഷണൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ചു ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. സമ്മതപത്രം നൽകാത്തവർക്ക് പി.എഫ് ലോൺ അപേക്ഷ നൽകുന്നതിന് സ്പാർക്കിൽ നിലവിൽ തടസങ്ങളില്ലെന്നും അഡിഷണൽ സെക്രട്ടറി അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്ത സർക്കാർ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അപേക്ഷ നിരസിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനവകുപ്പ് അഡിഷണൽ സെക്രട്ടറി അറിയിപ്പ് പുറപ്പെടുവിച്ചത്. ജീവനക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്ട്വെയറിൽ മാറ്റങ്ങൾ വരുത്തിയെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്തവർ പി.എഫ് വഴി ലോണെടുക്കാൻ സ്പാർക്കിൽ അപേക്ഷിക്കുമ്പോൾ അപേക്ഷ പരിഗണിക്കുന്നില്ലെന്നുമാണ് ജീവനക്കാരിൽ ഒരു വിഭാഗം ആരോപിച്ചത്.
Source link