എൽ.ഡി.എഫിന് പുതിയ കൺവീനർ ; ഇ.പി തെറിച്ചു, ടി.പി വന്നു
വിഭാഗീയതയ്ക്ക് മുന്നറിയിപ്പ്
മുകേഷിന് പൂർണ പിന്തുണ
തിരുവനന്തപുരം:സി. പി.എമ്മിനെയും ഇടതു മുന്നണിയെയും വെട്ടിലാക്കിയ നിലപാടുകളിലൂടെയും ബിസിനസ് ബന്ധങ്ങളിലൂടെയും പാർട്ടി വിരുദ്ധ സൗഹൃദങ്ങളിലൂടെയും വിവാദങ്ങളിൽ ചാടിയ ഇ.പി. ജയരാജനെ ഇടതു മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണൻ എം.എൽ.എയാണ് പുതിയ കൺവീനർ.
അതേസമയം, സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളിൽ പ്രതിസ്ഥാനത്തുള്ള എം.മുകേഷ് എം.എൽ.എക്ക് സി.പി.എം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ഇന്നു മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് ഇ. പി.ജയരാജൻ തെറിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് മുഖ്യമന്ത്രിക്കു വരെ പാർട്ടിയോഗങ്ങളിൽ കടുത്ത വിമർശനം കേൾക്കേണ്ടിവന്നു. സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പരിധിവിട്ട വിമർശനവും നേതൃത്വത്തിന് എതിരായ നീക്കവും വേണ്ടെന്നതിന്റെ സൂചനയാണ് ഇ.പിക്കെതിരായ നടപടി.
കഴിഞ്ഞ സംസ്ഥാന സമ്മേളനം വി.എസ്.അച്യുതാനന്ദൻ രാഷ്ട്രീയ ചിത്രത്തിൽ നിന്ന് മായുന്നതാണ് കണ്ടതെങ്കിൽ, ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഇ.പിയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കും. ഇ. പി കേന്ദ്ര കമ്മിറ്റി അംഗമായി തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്.
പിണറായിയും അന്തരിച്ച കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാൽ സി.പി. എമ്മിലെ പ്രമുഖനും സീനിയറും ആയിരുന്ന ഇ.പി. പാർട്ടിക്ക് വിധേയനായി നിൽക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
വ്യാഴാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. ഇന്നലത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തില്ല.
ബി.ജെ.പിയുടെ കരിനിഴൽ
1.കേരളത്തിലെ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവദേക്കർ തന്റെ വീട്ടിൽ വന്നെന്ന് ലോക്സഭാ വോട്ടെടുപ്പ് ദിവസം ഇ. പി വെളിപ്പെടുത്തിയത് പാർട്ടിയെ വെട്ടിലാക്കിയ ബോംബായി.ഘടക കക്ഷികളും അമ്പരന്നു.
2.ബി.ജെ.പിയിൽ ചേരാൻ ഇ.പി ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിന് അത് ബലം നൽകി. കോൺഗ്രസിനോട് പയറ്റാനും ന്യൂനപക്ഷ പ്രീതിക്കും സി. പി. എം ഉപയോഗിച്ച ആയുധമാണ് അതുവഴി നഷ്ടപ്പെട്ടത്.
3. തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ ലാവ്ലിൻ കേസടക്കം പിൻവലിക്കാമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ സഹായിക്കാമെന്നുമുള്ള ജാവദേക്കറുടെ വാഗ്ദാനം ഇ.പി നിരസിച്ചെന്ന് ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തിയത് സി.പി.എമ്മിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമായി.
4. ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചതാണെന്ന ജയരാജന്റെ
പ്രസ്താവനയും വിനയായി.
5.കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായുള്ള ഇ.പിയുടെ കുടുംബത്തിന്റെ റിസോർട്ട് ബിസിനസും സംശയമുണ്ടാക്കി.
.
‘ഇ.പി ജയരാജന് കൺവീനറുടെ ചുമതല പൂർണമായും നിർവഹിക്കാൻ പരിമതിയുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലെ പ്രശ്നങ്ങളും കാരണമായി. ഇത് സംഘടനാ നടപടിയല്ല. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരും”.
– എം.വി ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
Source link