KERALAMLATEST NEWS

700ചതുരശ്ര അടി, മൂന്ന് മുറികൾ : വയനാട്ടിൽ വളരുന്ന വീട് വേണം

നിർമ്മിക്കേണ്ടത് ജീവിതമെന്ന് ആർക്കിടെക്ട് ജി. ശങ്കർ

തിരുവനന്തപുരം:വയനാട് പുനരധിവാസത്തിന് ഒന്നോ രണ്ടോ നിലയിൽ മൂന്ന് കിടപ്പുമുറികളുള്ള 700 – 800 ചതുരശ്ര അടി വീട്. വീട്ടുടമയ്ക്ക് വരുമാനമുണ്ടാക്കാൻ ഒരു മുറി ടൂറിസ്റ്റുകൾക്ക് ഹോം സ്റ്റേ. ഭൂമിയുടെ കിടപ്പിനും ഘടനയ്ക്കും അനുസൃതമായി പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം. ഭാവിയിൽ വലുതാക്കാൻ പറ്റണം.അയൽക്കൂട്ട നിർമ്മിതികൾ അഥവാ ഹാംലെറ്റ് സങ്കല്പത്തിലായിരിക്കണം നിർമ്മാണം . വീടല്ല,​ ജീവിതമാണ് നിർമ്മിക്കേണ്ടത്.

പ്രശസ്ത ആർക്കിടെക്ടും പദ്മശ്രീ ജേതാവുമായ ജി.ശങ്കർ നിർദ്ദേശിക്കുന്ന മാതൃകയാണിത്.

ദുരന്തത്തിൽ ചില കുടുംബങ്ങളിൽ ഒരാൾ മാത്രം ജീവിച്ചിരിക്കെ, ഒരേ മാതൃകയിലുള്ള വീടുകളല്ല ആവശ്യം എന്ന് ശങ്കർ പറയുന്നു. ഇതിലൂടെ ചെലവ് ചുരുക്കാം. ഭാവിയിൽ ദുരന്തമുണ്ടായാലും അതിജീവിക്കുന്നതാവണം മാതൃക. പൂർണമായും ഭാഗികമായും തകർന്ന കെട്ടിടങ്ങൾ,സർ‌ക്കാർ ഓഫീസുകൾ എന്നിങ്ങനെ തരം തിരിക്കാം. വിവിധ സൂചികകൾ കണക്കിലെടുത്ത് വേണം നിർമ്മാണം.

സൂചികകൾ

1.പാരിസ്ഥിതികം:നശിച്ച കൃഷിഭൂമി, മരങ്ങൾ, ഭൂമിയുടെ മാപ്പിംഗ്

2.സമൂഹത്തിന്റെ ഘടന

3.സാംസ്‌കാരിക മാനങ്ങൾ : കെട്ടിടങ്ങളുടെ നിർമ്മാണ ശൈലി, നിറം

4.കുടുംബപശ്ചാത്തലം : കുടുംബഘടന,വരുമാനമാർഗങ്ങൾ

5.ആരോഗ്യമാനങ്ങൾ : പരിക്കേറ്റവർ, വയസായവർ

വളരുന്ന വീട്

1. ദുരന്തസാദ്ധ്യത കുറഞ്ഞ ഭൂമി കണ്ടെത്തണം.

2.വെള്ളം,വൈദ്യുതി,ആശുപത്രി,ബാങ്ക് സമീപത്തുണ്ടാവണം

3.വിസ്തീർണത്തിന് പരിധി വേണം.

4.30 ഡിഗ്രിയിലേറെ ചെരിവുള്ള ഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിക്കരുത്.

5.ഭാവിയിൽ മുറികൾ ഇറക്കാവുന്നതും മുറികളുടെ വിസ്തീർണം കൂട്ടാവുന്നതുമായ ‘വളരുന്ന വീട്’ സങ്കല്പം

6.ഒത്തുചേരലിന് ഇടങ്ങൾ,കളിസ്ഥലങ്ങൾ,ആരാധനാലയങ്ങൾ

ടൂറിസം സാദ്ധ്യത

മൂന്നു മുറികളിൽ ഒന്ന് ടൂറിസ്റ്റ് ഹോംസ്റ്റേ. പുറത്തു നിന്ന് വാതിൽ നൽകാം. ഇത് വരുമാന മാർഗ്ഗമാവും.

തൊഴിലും പ്രധാനം

മൂന്ന് നിലകളുള്ള കമ്മ്യൂണിറ്റി ഷെൽറ്റർ നിർമ്മിക്കാം. താഴത്തെ നിലയിൽ സ്വയംതൊഴിലിനും കട നടത്താനും സൗകര്യം. രണ്ടാംനിലയിൽ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ. ദുരന്തം വന്നാൽ പെട്ടെന്ന് മൂന്നാംനിലയിലേക്ക് ഓടിക്കയറാം.

കേരളത്തിന്റെ കരുത്ത് രേഖപ്പെടുത്തുന്ന പുനർ നിർമ്മിതിയാണ് വേണ്ടത്. വയനാടൻ ചൂരും ചുണയുമായി ഒത്തുപോകണം. വീടല്ല ജീവിതമാണ് നിർമ്മിക്കേണ്ടത്.

ആർക്കിടെക്ട് ജി.ശങ്കർ


Source link

Related Articles

Back to top button