വ്യവസായ സ്മാർട്ട് സിറ്റിക്ക് സർക്കാർ ടാസ്ക് ഫോഴ്സ്
# അതിവേഗം നടപ്പാക്കാൻ നീക്കം
തിരുവനന്തപുരം: കേന്ദ്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയുടെ തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന വ്യവസായ വകുപ്പ് നാലംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനംവീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിനുള്ള സംസ്ഥാന ഏജൻസിയായി കിൻഫ്ര പ്രവർത്തിക്കുമെന്ന് മന്ത്രി പി .രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ നടപടികൾ ഏകോപിക്കാനാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി .എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കിൻഫ്ര ജനറൽ മാനേജർ ടി .ബി അമ്പിളി എന്നിവരാണ് അംഗങ്ങൾ.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകോപനം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്കായിരിക്കും. പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ദേശീയ വ്യവസായ ഇടനാഴി വികസന കോർപ്പറേഷൻ സി.ഇ.ഒയുടെ നേതൃത്വത്തിലുള്ള സംഘം സെപ്തംബറിലെത്തും. മാസ്റ്റർ പ്ലാനും വിശദ പദ്ധതി രേഖയും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട് .രണ്ടു മാസത്തിനുള്ളിൽ ആഗോള ടെൻഡർ ക്ഷണിക്കും. പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിനെയും നിശ്ചയിക്കും.
സ്ഥലം ഏറ്റെടുക്കാൻ 1759.92 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. തുല്യമായ തുക ചെലവഴിച്ചാണ് കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്. മൊത്തം 3815 കോടി രൂപയാണ് പദ്ധതിച്ചെലവ്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ .പി .എം മുഹമ്മദ് ഹനീഷ്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വ്യവസായത്തിന്
673.42 ഏക്കർ
1710 ഏക്കറിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശ്യമെങ്കിലും
കൈവശമുള്ള 1139.41 ഏക്കറിൽ 59.11 ശതമാനം സ്ഥലമാണ് (673.42 ഏക്കർ) വ്യവസായത്തിനായി മാറ്റിവയ്ക്കുക.
64.83 ഏക്കർ:
റസിഡൻഷ്യൽ
ഏരിയ
134.48 ഏക്കർ:
റോഡുകൾ
37.5 ഏക്കർ:
ഓപ്പൺ സ്പേസ്
8.41 ഏക്കർ :
ജലാശയം
(സംരക്ഷിക്കും)
Source link