KERALAMLATEST NEWS

ഡോ. വേണു സിവിൽ സർവീസിൽ വരുന്നവർക്ക് മാതൃക: മുഖ്യമന്ത്രി, ചീഫ് സെക്രട്ടറിക്ക് യാത്ര അയപ്പ് നൽകി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വി. വേണു സിവിൽ സർവീസിലേക്ക് വരുന്നവർക്ക് മാതൃയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വി. വേണുവിന് നൽകിയ യാത്ര അയപ്പിൽ ഉപഹാര സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്ത നിവാരണത്തിലും പുനരധിവാസത്തിലും അർപ്പണബോധത്തോടെ പ്രവർത്തിച്ച ചീഫ് സെക്രട്ടറിയായിരുന്നു വേണു.

വയനാട് ഉരുൾപൊട്ടലിന്റെ ഗൗരവം പ്രധാനമന്ത്രിക്ക് കൃത്യമായി വിശദീകരിച്ചു. 2018ലെ പ്രളയ ഘട്ടത്തിൽ റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിനെ നയിക്കുന്നതിനും ലോകബാങ്ക് സഹായം ഉറപ്പിക്കുന്നതിനും അദ്ദേഹം ക്രിയാത്മകമായി ഇടപെട്ടു.

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടുൾപ്പെടെ പണിമുടക്കിയപ്പോൾ സബ് കളക്ടറായിരുന്ന ഡോ. വേണു ഒ.പിയിലെത്തി അമ്പതോളം രോഗികളെ പരിശോധിച്ചു. കലയോടുള്ള വേണുവിന്റെ അഭിമുഖ്യമാണ് ‘ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഒഫ് കേരള’ ആരംഭിക്കുന്നതിനും കേരളം എന്ന പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലും കാരണമായത്. സെക്രട്ടേറിയറ്റിലെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് പൊതുസമൂഹത്തിലേക്കു വേണുവിനെ കേരളം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിയുക്ത ചീഫ് സെക്രട്ടറിയും വി. വേണുവിന്റെ ഭാര്യയുമായ ശാരദാമുരളീധരൻ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രി ഉപഹാരം നൽകി.
മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

ജ്വലിക്കുന്ന നേതാക്കൾക്കൊപ്പമുള്ള ജോലി ഭാഗ്യം: വി. വേണു

രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന നേതാക്കൾക്കൊപ്പം ജോലിചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഡോ. വി. വേണു പറഞ്ഞു. ഒരു മനുഷ്യനെ നോക്കി ചിരിക്കാൻ കഴിയുമെങ്കിൽ അങ്ങനെചെയ്യണമെന്ന് പഠിപ്പിച്ചത് നായനാരാണ്. ടൂറിസത്തിന് ദിശാബോധം നൽകിയ സി.പി.ഐ നേതാവും മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ നായർ, മന്ത്രി കോടിയേരി ബാലകൃഷ്ണൻ എന്നിവരെ ഓർക്കുന്നു. ഓരോ ദുരന്തങ്ങളേയും സമചിത്തതയോടെ സമീപിച്ച് അതിജീവിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button