ഇങ്ങനെപോയാല്‍ ലോണ്‍ എടുക്കേണ്ടി വരും, കിലോയ്ക്ക് വില 400 കടന്നു
പ്രതീകാത്മക ചിത്രം
കോലഞ്ചേരി: വെളുത്തുള്ളി വാങ്ങുമ്പോള്‍ ഉള്ളെരിയും. ചില്ലറവില 400 കടന്ന് കുതിക്കുകയാണ് വെളുത്തുള്ളി. വരവ് കുറഞ്ഞതും ആവശ്യക്കാര്‍ ഏറിയതുമാണ് വില ഉയരാന്‍ കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നു. വില ഇനിയും കൂടാനാണ് സാധ്യത. ഒരാഴ്ച മുമ്പ് വരെ 180 രൂപയ്ക്ക് വിറ്റിരുന്ന വെളുത്തുള്ളിയാണ് പ്രതിദിനം 20 രൂപ മുതല്‍ 40 വരെ കൂടി 400 ലേയ്ക്ക് എത്തിയത്. സംസ്ഥാനത്ത് വെളുത്തുള്ളിയുടെ ഉത്പാദനം കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ മാത്രമാണുള്ളത്. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമാണ് ആവശ്യത്തിനുള്ള വെളുത്തുള്ളി സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.
കാലാവസ്ഥ ചതിച്ചു
കാലാവസ്ഥ വ്യതിയാനം കൃഷിയെ ബാധിച്ചെന്നാണ് തമിഴ്‌നാട്ടിലെ സൂപ്പര്‍ ഹോള്‍സെയിലര്‍മാര്‍ പറയുന്നത്. കോയമ്പത്തൂരിലെ എം.ജി.ആര്‍ മാര്‍ക്കറ്റില്‍ എത്തുന്ന വെളുത്തുള്ളി വലിപ്പമനുസരിച്ച് മൂന്ന് തരത്തിലാണ് മൊത്തവ്യാപാരം. തീരെ വലിപ്പം കുറഞ്ഞതിന് കച്ചവടക്കാര്‍ എക്‌സ് എന്നും അടുത്തത് ഡബിള്‍ എക്‌സെന്നും ഏറ്റവും വലുതിനെ ബോംബെന്നുമാണ് പറയുന്നത്. ഇതില്‍ ബോംബിന് സൂപ്പര്‍ ഹോള്‍സെയിലില്‍ കിലോ 340 വരെയെത്തി. ഇത് ചെറുകിട കച്ചവടക്കാരിലെത്തുമ്പോള്‍ വില 400 കടക്കും
പ്രതിദിനം പത്ത് ലോഡ് വെളുത്തുള്ളിയാണ് കോയമ്പത്തൂരിലെ എം.ജി.ആര്‍ മാര്‍ക്കറ്റ് വഴി വിറ്റഴിഞ്ഞിരുന്നത്. എന്നാല്‍ രണ്ട് ദിവസമായി മൂന്ന് ലോഡ് വരെയാണ് എത്തുന്നത്. – കെ.എം.പി കുട്ടി, മൊത്ത വ്യാപാരി
ചെറുകിട കടകളില്‍ സ്റ്റോക്കായി ഇരുന്നാല്‍ പ്രതിദിനം 100-150ഗ്രാം വരെ ഒരു കിലോയില്‍ കുറവു വരും. വില കൂടുന്ന സാഹചര്യത്തില്‍ പ്രതിദിനം വാങ്ങുകയല്ലാതെ സ്റ്റോക്കെടുത്ത് വയ്ക്കാന്‍ കഴിയില്ല. – ഗോപചന്ദ്രന്‍, ചെറുകിട മൊത്ത വ്യാപാരി
Source link