KERALAMLATEST NEWS

കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമം; ബോട്ടുകൾക്കിടയിൽപ്പെട്ട് പൊലീസുകാരന്റെ കൈക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് ട്രോളർ ബോട്ടിനെ തടഞ്ഞ് പരിശോധിക്കുന്നതിനിടെ പൊലീസുകാരന് പരിക്ക്. വലതുകയ്യിലെ രണ്ട് വിരലുകൾക്ക് സാരമായി പരിക്കേറ്റ മറൈൻ എൻഫോഴ്‌സ്‌മെന്റ് സിപിഒ റ്റിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അനധികൃത മീൻ പിടുത്തം നടക്കുന്നതറിഞ്ഞ് പട്രോളിംഗ് നടത്തുന്നതിനിടയിൽ കണ്ട തമിഴ്നാട് ബോട്ടിനെ പൊലീസ് സംഘം തടഞ്ഞ് നിർത്തി രേഖകൾ ആവശ്യപ്പെട്ടു. മതിയായ രേഖകൾ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് കൂടുതൽ പരിശോധനക്കായി മറൈൻ ആംബുലൻസിൽ നിന്ന് ബോട്ടിനുള്ളിൽ കയറാൻ റ്റിജു ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെടാനായി ബോട്ട് മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ബോട്ട് ആംബുലൻസിൽ തട്ടി. രണ്ട് ബോട്ടുകൾക്കുമിടയിൽ കുടുങ്ങിയാണ് പൊലീസുകാരന്റെ വിരലുകൾക്ക് പരിക്കേറ്റത്.

റ്റിജുവിനെ ഉടൻ തന്നെ തീരദേശ പൊലീസിന്റെ പട്രോൾ ബോട്ടിൽ തുറമുഖത്ത് എത്തിച്ച് വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തടഞ്ഞുനിർത്തിയ ബോട്ടിൽ വിശദമായ പരിശോധന നടത്തി. 12 വോൾട്ടിന്റെ ലൈറ്റ് മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ബോട്ടിൽ നിന്ന് 70 വോൾട്ടിന്റെ മൂന്നും 50 വോൾട്ടിന്റെ രണ്ടും ലൈറ്റുകളും കൂറ്റൻ ജനറേറ്ററും കണ്ടെടുത്തു.

അനധികൃത ലൈറ്റ് ഫിഷിംഗ് നടത്തുന്ന ബോട്ടാണെന്ന് മനസിലാക്കിയ അധികൃതർ ബോട്ട് കസ്റ്റഡിയിൽ എടുത്ത് വിഴിഞ്ഞത്ത് എത്തിച്ചു. തീരത്തിനടുത്ത് നിന്ന് മത്സ്യബന്ധനം നടത്തിയ കൊല്ലം സ്വദേശി ലീലാകൃഷ്ണന്റെ ട്രോളർ ബോട്ടും പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ റ്റിജു വിനെ കൂടാതെ മറൈൻ എൻഫോഴ്സ്മെന്റ് സിപി ഒ അനന്തു, ലൈഫ് ഗാർഡുമാരായ റോബർട്ട് റോബിൻസൺ, മനോഹരൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


Source link

Related Articles

Back to top button