കഥാനായിക ജീവിതസഖിയായി
കൊച്ചി: ‘രണ്ടു പെൺകുട്ടികളി”ലെ നായിക അനുപമ ജീവിതസഖിയായത് സിനിമാക്കഥ പോലെയാണെന്ന് മോഹൻ പറയാറുണ്ടായിരുന്നു. മദ്രാസിലെ
സമ്പന്ന ചലച്ചിത്ര കുടുംബത്തിലെ അംഗമായിരുന്നെങ്കിലും അവർക്ക് അഭിനയത്തോട് ഒട്ടും താത്പര്യമില്ലായിരുന്നു. നൃത്തവും സംഗീതവുമായിരുന്നു
അവരുടെ മേഖല. പ്രശസ്ത കുച്ചിപ്പുടി വിദ്വാൻ ചിന്നസത്യത്തിന്റെ ശിഷ്യയായിരുന്നു അനുപമ.
മാധവിയെ കാസ്റ്റ് ചെയ്ത രണ്ട് പെൺകുട്ടികളിലെ റോളിലേക്ക് അനുപമ യാദൃച്ഛികമായി എത്തുകയായിരുന്നു. പരസ്പരം ഇഷ്ടപ്പെട്ടതോടെ അടുത്തചിത്രമായ വാടകവീടിലും കഥാപാത്രമായി. ആദ്യം എതിർപ്പുകൾ പലതുണ്ടായെങ്കിലും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ എറണാകുളം സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം. പിന്നീട് ഗുരുവായൂരിൽ വച്ച് താലികെട്ടി. എറണാകുളത്ത് കുച്ചിപ്പുടി അക്കാഡമി നടത്തുന്ന അനുപമയ്ക്ക് കേരളത്തിനകത്തും പുറത്തും ഒട്ടേറെ ശിഷ്യരുമുണ്ട്.
മോഹൻ – ജോൺപോൾ ഗ്യാംങ്
തിരക്കഥാകൃത്ത് ജോൺപോളിന്റെ സൗഹൃദവലയത്തിലെ പ്രധാനിയായിരുന്നു മോഹൻ. സിനിമാലോകത്ത് അങ്കിൾ എന്നറിയപ്പെടുന്ന ജോൺപോളിനെ ‘ജോണേ ” എന്ന് അഭിസംബോധന ചെയ്യുന്ന അപൂർവം പേരിലൊരാളായിരുന്നു മോഹൻ. ഇരുവരും തമ്മിലുള്ള രസതന്ത്രമാണ് വിട പറയും മുമ്പേ തുടങ്ങിയ നിരവധി സിനിമകളുടെ പിറവിക്ക് വഴിയൊരുക്കിയത്. കൊച്ചിയിൽ നടന്ന ജോൺപോൾ അനുസ്മരണമാണ് മോഹൻ അവസാനമായി പങ്കെടുത്ത പരിപാടികളിലൊന്ന്.
ജോണില്ലായിരുന്നെങ്കിൽ ഒരു സദസിന് മുന്നിൽ സംസാരിക്കാൻ താൻ പഠിക്കില്ലായിരുന്നെന്ന് അന്ന് മോഹൻ പറഞ്ഞകാര്യം ഗാനരചയിതാവ് ഷിബു ചക്രവർത്തി ഓർമ്മിച്ചു. ആരോടും പെട്ടെന്ന് അടുക്കാത്തയാളായിരുന്ന മോഹൻ, ശുണ്ഠിക്കാരനും. മനസിലുള്ളത് വെട്ടിത്തുറന്ന് പറയും. 2023 മേയിൽ തിരുവനന്തപുരത്ത് തൈക്കാട് സൂര്യഗണേശം ഹാളിൽ നടന്ന ‘എം. കൃഷ്ണൻനായർ എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ് ” എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിൽ പങ്കെടുക്കുമ്പോൾ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്നച്ചന്റെ സുഹൃത്ത്
ഇരിങ്ങാലക്കുടക്കാരായ മോഹനും ഇന്നസെന്റും അടുത്ത സുഹൃത്തുക്കളായിരുന്നു. മോഹൻ നാട്ടിലെത്തിയാൽ ഇന്നസെന്റുമെത്തും. ഈ സൗഹൃദമാണ് ഇന്നച്ചൻ കഥകളെന്ന ടെലിഫിലിമെടുക്കാൻ കാരണവും. ഇരിങ്ങാലക്കുട ഗവ.ഹൈസ്കൂളിന് സമീപം വെങ്കനാട് നാരായണൻ നായരുടെയും മടത്തിവീട്ടിൽ അമ്മുക്കുട്ടി അമ്മയുടെയും ഒമ്പത് മക്കളിൽ മൂത്തയാളായിരുന്നു മോഹൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളേജിൽ ബികോം പഠിക്കാൻ ചേർന്നതാണ് സിനിമയിലേക്കുള്ള വഴിയായത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടുപോയ മോഹൻ രണ്ട് പതിറ്റാണ്ടോളം സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിച്ച ശേഷമാണ് സ്വതന്ത്രസംവിധായകനായത്.
Source link