സർക്കാരിനുവേണ്ടി സെൻസറിംഗ്; ഖേദം പ്രകടിപ്പിച്ച് സുക്കർബെർഗ്
വാഷിംഗ്ടൺ ഡിസി: യുഎസിലെ ബൈഡൻ ഭരണകൂടത്തിന്റെ സമ്മർദത്തിനു വഴങ്ങി കോവിഡ് കാലത്ത് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സെൻസർഷിപ്പ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് കന്പനികളുടെ ഉടമ മാർക്ക് സുക്കർബെർഗ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് ജുഡീഷറി കമ്മിറ്റി ചെയർമാൻ ജിം ജോർഡാന് അയച്ച കത്തിലാണ് സുക്കർബെർഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 വർഷത്തിൽ തമാശകളും ആക്ഷേപഹാസ്യങ്ങളും അടക്കമുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കണമെന്നാണു വൈറ്റ്ഹൗസ് ആവശ്യപ്പെട്ടത്. സർക്കാരിന്റെ നീക്കം തെറ്റായിരുന്നുവെന്നും ഇക്കാര്യം പരസ്യപ്പെടുത്താതിരുന്നതിൽ ഖേദിക്കുന്നുവെന്നും സുക്കർബെർഗിന്റെ കത്തിൽ പറയുന്നു.
പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പ് നിരുത്സാഹപ്പെടുത്തിയെന്നും സുക്കർബർഗ് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുന്പ് റഷ്യ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുമെന്ന് എഫ്ബിഐ മുന്നറിയിപ്പു നല്കിയ പശ്ചാത്തലത്തിലായിരുന്നിത്. എന്നാൽ ഹണ്ടറിനെതിരായ ആരോപണങ്ങൾ റഷ്യൻ ഇടപെടലിന്റെ ഭാഗമല്ലായിരുന്നു.
Source link