KERALAMLATEST NEWS

ജയസൂര്യ, മുകേഷ്, ഇടവേള ബാബു തുടങ്ങിയവർക്കെതിരെയും പരാതി

കൊച്ചി: പ്രമുഖ നടന്മാർക്കെതിരെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പുതിയ പരാതികൾകൂടി വന്നതോടെ മലയാളസിനിമാലോകവും താരസംഘടനയായ അമ്മയും കൂടുതൽ പ്രതിരോധത്തിലായി.

ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, സംവിധായകൻ ശ്രീകുമാർ മേനോൻ, തുളസീദാസ്, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെ നടിമാർ ഇന്നലെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

2008ൽ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ” എന്ന ചിത്രത്തിന്റെ സെറ്റിൽ നടൻ ജയസൂര്യ മോശമായി പെരുമാറിയെന്നാണ് നടി മിനു മുനീറിന്റെ വെളിപ്പെടുത്തൽ. സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ ജയസൂര്യ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്തായിരുന്നു മുൻ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ ഇടപെടൽ. ഫോം പൂരിപ്പിക്കാൻ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചു. കഴുത്തിൽ ചുംബിച്ചപ്പോൾ ഇറങ്ങിപ്പോന്നു. മൂന്നു സിനിമയിൽ അഭിനയിച്ചാൽ അമ്മയിൽ അംഗത്വം ലഭിക്കും. ആറു സിനിമയിൽ അഭിനയിച്ചിട്ടും അംഗത്വം ലഭിച്ചില്ല.

ലൊക്കേഷനിൽ വച്ച് മുകേഷ് ലൈംഗിക ആവശ്യവുമായി സമീപിച്ചു. വില്ലയിലേക്ക് ക്ഷണിച്ചു. നേരിട്ടും ഫോണിലും മോശമായി സംസാരിച്ചു. ഒഴിഞ്ഞുമാറിപ്പോവുകയായിരുന്നു. ഒരുമിച്ച് കാറിൽ സഞ്ചരിക്കവേയാണ് മണിയൻപിള്ള രാജു മോശമായി പെരുമാറിയത്. ഹോട്ടൽ മുറിയുടെ വാതിലിൽ മുട്ടി. അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർ 2013ൽ ലൊക്കേഷനിൽ വച്ചാണ് ശല്യം ചെയ്തത്. ഇത്തരം ഉപദ്രവങ്ങൾ സഹിക്കവയ്യാതെ മനംമടുത്താണ് ചെന്നൈയിലേക്ക് താമസം മാറിയതെന്നും മിനു മുനീർ മാദ്ധ്യമങ്ങളോടു പറഞ്ഞു.

 തുളസീദാസിനെതിരെ ഗീത വിജയൻ

1991ൽ ചാഞ്ചാട്ടം സിനിമയുടെ ലൊക്കേഷനിൽ സംവിധായകൻ തുളസീദാസ് മോശമായി പെരുമാറിയെന്നാണ് നടി ഗീത വിജയന്റെ വെളിപ്പെടുത്തൽ. ഹോട്ടൽ മുറിയുടെ വാതിലിൽ തട്ടി, ഫോണിൽ വിളിച്ചു. ശാരീരിക ഉപദ്രവം ഉണ്ടായില്ല. പുതുമുഖമായിട്ടും നോ പറയാൻ മടിച്ചില്ല. പ്രതികരിച്ചതിന്റെ പേരിൽ പലരുടെയും കണ്ണിൽ കരടായി. അവസരങ്ങൾ നഷ്ടമായി. സഹപ്രവർത്തകരിൽ ചിലർ പിന്തുണയും സംരക്ഷണവും നൽകിയിട്ടുണ്ട്. നല്ലവരും സിനിമാരംഗത്ത് ധാരാളമുണ്ട്. സിനിമയിലെ പല സ്ത്രീകളുടെയും ജീവിതം നരകതുല്യമായിട്ടുണ്ടെന്നും ഗീത വിജയൻ പറഞ്ഞു.


Source link

Related Articles

Back to top button