അഷ്ടമിരോഹിണി വള്ളസദ്യക്കിടെ അപകടം: പള്ളിയോടത്തിലെ തുഴച്ചിൽക്കാരനായ അദ്ധ്യാപകൻ മുങ്ങിമരിച്ചു
കോഴഞ്ചേരി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ കുറിയന്നൂർ തോട്ടത്തുമഠത്തിൽ തോമസ് ജോസഫ് (സണ്ണി-55) പമ്പാനദിയിൽ മുങ്ങിമരിച്ചു. കുറിയന്നൂർ കരയുടെ പള്ളിയോടത്തിൽ രണ്ടാം അടനയമ്പുകാരനായിരുന്നു. ഇന്നലെ രാവിലെ 11നാണ് അപകടം. കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂൾ അദ്ധ്യാപകനും മാർത്തോമ്മ പള്ളി മുൻ ഭാരവാഹിയുമായ തോമസ് ജോസഫ് എല്ലാവർഷവും ഉത്രട്ടാതി വള്ളംകളിക്ക് ഉൾപ്പെടെ പള്ളിയോടത്തിൽ എത്താറുണ്ട്.
ക്ഷേത്രക്കടവിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് വെള്ളത്തിലേക്ക് വീണത്. നീന്തൽവശമുള്ള തോമസ് പൊങ്ങിവരാതായതോടെ രക്ഷിക്കാനായി പള്ളിയോടത്തിൽ നിന്ന് നദിയിലേക്ക് ചാടിയ ആൾ ഒഴുക്കിൽപ്പെട്ടു. ഇയാളെ സ്പീഡ് ബോട്ടിലെത്തിയ രക്ഷാപ്രവർത്തകരാണ് കരയ്ക്കെത്തിച്ചത്. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് 1.15ന് നൂറുമീറ്റർ താഴെ സത്രക്കടവിന് സമീപത്തുനിന്നാണ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: ആശാ ജേക്കബ് ( തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജനറൽ മാനേജർ). മക്കൾ: അശ്വിൻ ജോസഫ് തോമസ്, അലീഷ മെറിൽ തോമസ്. സംസ്കാരം പിന്നീട്.
Source link