പാക്കിസ്ഥാനിൽ തീവ്രവാദി ആക്രമണം; 40 പേരെ കൂട്ടക്കൊല ചെയ്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ രണ്ട് സംഭവങ്ങളിലായി 40 പേരെ ബിഎൽഎ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. മുസബേയ്ൽ ജില്ലയിൽ 23 യാത്രക്കാരെ ബസിൽനിന്നും പിടിച്ചിറക്കി വെടിവച്ചുകൊന്നു. മറ്റൊരിടത്ത് 17 പേരെയും കൊലപ്പെടുത്തി. പിന്നീട് വാഹനങ്ങൾക്കു തീയിട്ടു. മുസബേയ്ൽ ജില്ലയിലെ ദേശീയപാതയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. യാത്രക്കാർ പാക് പഞ്ചാബിൽനിന്നുള്ളവരാണെന്നു രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമായിരുന്നു കൊലപ്പെടുത്തിയത്. നാൽപ്പതോളം വരുന്ന തോക്കുധാരികൾ പഞ്ചാബിൽനിന്നും തിരിച്ചുമുള്ള ബസുകളാണ് തടഞ്ഞു പരിശോധിച്ചത്. യാത്രക്കാരുടെ രേഖകൾ പരിശോധിച്ച് പഞ്ചാബിൽനിന്നുള്ളവരെ വെടിവച്ചുകൊല്ലുകയായിരുന്നു. ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 19 പേർ പഞ്ചാബികളും നാല് പേർ ബലൂച് സ്വദേശികളുമാണ്.
കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും തൊഴിലാളികളായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ വിഭാഗമായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ 12 തീവ്രവാദികൾ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി പറഞ്ഞു. ഞായറാഴ്ച മുതൽ 24 മണിക്കൂറിനിടെ പോലീസ് സ്റ്റേഷനുൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾക്കു നേർക്കാണ് ബിഎൽഎ ആക്രമണം നടത്തിയത്. ഏപ്രിലിൽ സമാനമായ ആക്രമണത്തിൽ ഒമ്പത് യാത്രക്കാരെയാണ് ബിഎൽഎ തീവ്രവാദികൾ കൊലപ്പെടുത്തിയത്.
Source link