KERALAMLATEST NEWS

ചട്ടമ്പി സ്വാമികൾ ജീവകാരുണ്യത്തിന്റെ മഹാഗുരു: സ്വാമി വേദാമൃതാനന്ദപുരി

ചട്ടമ്പിസ്വാമി ജയന്തിയോടും ജീവകാരുണ്യദിനാചരണത്തോടും അനുബന്ധിച്ച് പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വാമി കൃഷ്ണമയാനന്ദതീർത്ഥപാദർ ഭദ്രദീപം തെളിക്കുന്നു

പന്മന: ചട്ടമ്പി സ്വാമികൾ കാരുണ്യത്തിന്റെ മഹാഗുരുവാണെന്ന് സ്വാമി വേദാമൃതാനന്ദപുരി പറഞ്ഞു. ചട്ടമ്പിസ്വാമി ജയന്തിയോടും ജീവകാരുണ്യ ദിനാചരണത്തോടും അനുബന്ധിച്ച് പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു തുടങ്ങിയ നവോത്ഥാന നായകന്മാരുടെ കൃതികൾ എല്ലാവരും പഠനവിഷയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി കൃഷ്ണമയാനന്ദതീർത്ഥപാദരും സ്വാമി നിത്യസ്വരൂപാനന്ദയും ചേർന്ന് ഭദ്രദീപം തെളിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മൃതിയടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി.

ശാസ്താംകോട്ട എം.വി. അരവിന്ദാക്ഷൻ നായർ രചിച്ച ‘ചട്ടമ്പിസ്വാമിതിരുവടികൾ” എന്ന കൃതി സ്വാമി കൃഷ്ണമയാനന്ദതീർത്ഥപാദർ ഡോ. കെ. അമ്പാടിക്ക് നൽകി പ്രകാശനം ചെയ്തു. കോലത്ത് വേണുഗോപാൽ സ്വാഗതവും അരുൺ അരവിന്ദ് നന്ദിയും പറഞ്ഞു. ലളിതാസഹസ്രനാമം എന്ന വിഷയത്തിൽ സ്വാമി കൃഷ്ണമയാനന്ദതീർത്ഥപാദർ പ്രഭാഷണം നടത്തി. ഡോ. കാര്യമാത്ര വിജയൻ തന്ത്രിയുടെ നേതൃത്വത്തിൽ സമാധി ക്ഷേത്രത്തിൽ കളഭാഭിഷേകവും പൂജകളും നടത്തി. ദീപക്കാഴ്ച, പുഷ്പാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്ക് സ്വാമി നിത്യസ്വരൂപാനന്ദ മുഖ്യ കാർമ്മികത്വം വഹിച്ചു.
ചട്ടമ്പിസ്വാമി ജയന്തി ചടങ്ങുകൾക്ക് പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയ കൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ് കുമാർ, മഹാഗുരുവർഷം കോ ഓ‌ർഡിനേറ്റർ ജി.ബാലചന്ദ്രൻ, കെ.ജി.ശ്രീകുമാർ, സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.


Source link

Related Articles

Back to top button