യുവതിയെ പീഡിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ
തിരുവല്ല : സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയും പലപ്പോഴായി 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്ന 30കാരിയുടെ പരാതിയിൽ 24കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവൻകോട് താലൂക്കിൽ മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. കന്യാകുമാരിൽ നിന്ന് മേസ്തിരി പണിക്കായി മൂന്നുവർഷം മുമ്പ് കവിയൂരിൽ എത്തിയ സജിൻദാസ് രണ്ടുവർഷം മുമ്പ് ഭർതൃമതിയായ കവിയൂർ സ്വദേശിയുമായി പരിചയത്തിലായി. ഈ പരിചയം മുതലെടുത്ത് ഇയാൾ യുവതിയെ പളനിയിലും വേളാങ്കണ്ണിയിലും ഉൾപ്പെടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പലപ്പോഴായി യുവതിയിൽ നിന്ന് 10 ലക്ഷത്തോളം രൂപയും ഇയാൾ കൈകലാക്കി. അർബുദരോഗിയും അടുത്ത സുഹൃത്തുമായ പെൺകുട്ടിയുടെ ചികിത്സയുടെ ആവശ്യവുമായി തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പലപ്പോഴും യുവതി വീട്ടിൽ നിന്നും പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിരന്തര പീഡനവും പണം ആവശ്യപ്പെട്ടുള്ള സജിൻദാസിന്റെ ഭീഷണിയും സഹിക്ക വയ്യാതായതോടെ യുവതി ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കവിയൂരിലെ വാടകവീട്ടിൽ നിന്നും സജിൻ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Source link