സിദ്ദിഖിന് പിന്നാലെ രാജിവയ്ക്കാനൊരുങ്ങി രഞ്ജിത്ത്; തീരുമാനം ചലച്ചിത്ര അക്കാഡമി അംഗങ്ങളെ അറിയിച്ചു
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് ഉടൻ രാജിവയ്ക്കുമെന്ന് വിവരം. ഇന്നോ നാളെയോ രാജി വയ്ക്കുമെന്ന് ചലച്ചിത്ര അക്കാഡമി അംഗങ്ങളെ അറിയിച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെത്തുടർന്നാണ് തീരുമാനം.
രാജി തീരുമാനത്തിനുപിന്നാലെ ചെയ്ത തെറ്റ് രഞ്ജിത്ത് സമ്മതിച്ചെന്ന് ശ്രീലേഖ പ്രതികരിച്ചു. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത്, നിരവധി പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയാണ്, എല്ലാം പുറത്തുവരട്ട. ഇനിയെങ്കിലും സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയണം. കേസെടുക്കുന്ന കാര്യത്തിൽ കേരള പൊലീസ് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. നിരവധി പേർക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി പ്രതികരിച്ചു.
ചലച്ചിത്ര അക്കാഡമി ചെയർമാൻ എന്ന ബോർഡ് കാറിൽ നിന്നു നീക്കിയശേഷമാണ് ഇന്നലെ വയനാട്ടിൽ നിന്ന് രഞ്ജിത്ത് കോഴിക്കോട്ടേയ്ക്ക് തിരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സാംസ്‌കാരിക വകുപ്പിന് രഞ്ജിത്തിന്റെ രാജി സംബന്ധിച്ച നിർദ്ദേശം ലഭിച്ചതായും വിവരമുണ്ട്.
രഞ്‌ജിത്തിനെതിരെ വന്ന ആരോപണം സംസ്ഥാന സർക്കാരിന് മുകളിൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. ഇടത് മുന്നണിയിലെ വനിതാ നേതാക്കളടക്കം രഞ്‌ജിത്ത് സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ആര് തെറ്റ് ചെയ്‌താലും സർക്കാർ സംരക്ഷിക്കില്ല എന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ആരോപണം തെളിഞ്ഞാൽ നടപടിയുണ്ടാകും എന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.
Source link