KERALAMLATEST NEWS

സത്യം തെളിയും, നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സംവിധായകൻ രഞ്ജിത്ത്

തിരുവനന്തപുരം: ഇടതുസർക്കാരിനെതിരെ വലതുപക്ഷ മാദ്ധ്യമങ്ങൾ ചെളിവാരി എറിയുകയാണെന്ന് ആരോപിച്ച് സംവിധായകൻ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച ശേഷം പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ ആരോപിച്ചത്. ‘താനെന്ന വ്യക്തി കാരണം ഇടത്‌ സർക്കാരിന് കളങ്കമേൽക്കരുത്. സർക്കാർ നൽകിയ സ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നതിനാലാണ് രാജി. സത്യം തെളിയും. സത്യം ലോകം അറിയും.അത് വിദൂരമല്ല’ രഞ്ജിത്ത് പ്രതികരിച്ചു. ‘നടിയുടെ ആരോപണത്തിന്റെ ഒരുഭാഗം നുണയായിരുന്നു. നടിതന്നെ പരസ്‌പര വിരുദ്ധമായി സംസാരിക്കുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകും.’ രഞ്‌ജിത്ത് പറഞ്ഞു.

രഞ്ജിത്ത് ആക്രമണം നടത്തിയിട്ടില്ലെന്നും എന്നാൽ പെരുമാറ്റം ശരിയല്ലായിരുന്നുവെന്നും പരാതിക്കാരിയായ നടി പ്രതികരിച്ചു. അവസാനിക്കാത്ത പോരാട്ടമാണിതെന്നും ശ്രീലേഖ മിത്ര വ്യക്തമാക്കി. അതേസമയം രഞ്ജിത്തിനെതിരെ പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. രഞ്ജിത്തിന്റെ രാജി സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു. സർക്കാർ ഇരയ്‌ക്കൊപ്പമാണ്, വേട്ടക്കാരന് ഒപ്പം അല്ല. ആരെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രഞ്‌ജിത്തിന്റെ രാജി അനിവാര്യമായിരുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് അൽപം മുൻപാണ് രഞ്‌ജിത്ത് സർക്കാരിന് രാജിക്കത്ത് കൈമാറിയത്. ഇന്നോ നാളെയോ രാജിവയ്‌ക്കുമെന്നാണ് അദ്ദേഹം ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചത്. ബംഗാളി നടി ശ്രീലേഖ മിത്ര ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇടത് അംഗങ്ങൾ തന്നെ രഞ്‌ജിത്തിനെതിരെ തിരിഞ്ഞു. ഇതോടെയാണ് രാജിവച്ചത്.


Source link

Related Articles

Back to top button