പോക്സോ ഇരകൾക്ക് ഒപ്പം നിൽക്കണം: സുപ്രീം കോടതി # മാർഗനിർദേശം നൽകി
ന്യൂഡൽഹി : ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് മാനസിക പിന്തുണയും സുരക്ഷയും, പുനരധിവാസവും ക്ഷേമവും സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി.
കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗിക അഭിനിവേശം നിയന്ത്രിച്ചു നിർത്തണമെന്ന കൽക്കട്ട ഹൈക്കോടതിയുടെ വിവാദ പരാമർശം നീക്കിയ വിധിയിലാണിത്. പ്രതിയെ വെറുതെ വിട്ടതിനെയും സുപ്രീം കോടതിവിമർശിച്ചു.
ഇരകളായ കുട്ടികളുടെ ക്ഷേമത്തിനായി പോക്‌സോ, ജുവൈനൽ ജസ്റ്റിസ് ആക്‌ട് വ്യവസ്ഥകൾ കാര്യക്ഷമമായി നടപ്പാക്കണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. അശരണരായ കുട്ടികളെ സംരക്ഷിക്കേണ്ടതും മൗലികാവകാശങ്ങൾ ഉറപ്പാക്കേണ്ടതും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അന്തസും ആരോഗ്യപ്രദവുമായ ജീവിതം അവരുടെ അവകാശമാണ്. ഇവ നിഷേധിക്കപ്പെടുന്നുണ്ട്. മാനഭംഗത്തിനിരയാകുന്ന പെൺകുട്ടികൾക്ക് ജനിക്കുന്ന കുട്ടികളും മൗലികാവകാശ നിഷേധം നേരിടുന്നു.
പ്രത്യേക കോടതിയെ
അറിയിക്കണം
1. കുട്ടികൾക്കെതിരെയുള്ള അതിക്രമ വിവരം ലഭിച്ചാലുടൻ ലോക്കൽ പൊലീസ് ശിശുക്ഷേമസമിതിയെ അറിയിക്കണം
2. പ്രത്യേക കോടതിയെ 24 മണിക്കൂറിനകം വിവരമറിയിക്കണം
3. ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരമുള്ള നടപടികൾ ശിശുക്ഷേമസമിതി സ്വീകരിക്കണം
4. ശിശുക്ഷേമസമിതി കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധ നൽകണം
5. പുനരധിവാസം ഉൾപ്പെടെയുള്ള പോക്സോ വ്യവസ്ഥകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെക്രട്ടറി തലത്തിൽ യോഗം ചേരണം
6. കേന്ദ്ര പദ്ധതികൾ ഇരകളായ കുട്ടികൾക്കായി പ്രയോജനപ്പെടുത്താൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണം.
ജഡ്ജിമാരുടെ
പ്രസംഗം വേണ്ട
ജഡ്‌ജിമാർ പ്രസംഗിക്കുകയല്ല, തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. ജഡ്‌ജിയുടെ വ്യക്തിപരമായ അഭിപ്രായവും ഉപദേശവും വിധിയിൽ വേണ്ട. വാചാലമാകാതെ, ലളിതമായ ഭാഷയിൽ സംക്ഷിപ്‌തമാകണം വിധി. അനാവശ്യവും ഞെട്ടിക്കുന്നതുമായ പരാമർശങ്ങളാണ് കൽക്കട്ട ഹൈക്കോടതിയിൽ നിന്നുണ്ടായത്. പോക്‌സോ പ്രകാരമുള്ള കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്ന് മാത്രം പരിശോധിച്ചാൽ മതി.
Source link