KERALAMLATEST NEWS

ദുരന്ത ഭൂമിയിൽ കണ്ണുനിറഞ്ഞ് വേണുവും ശാരദയും

കൽപ്പറ്റ: ‘വയനാടിന്റെ ദുരിതം പലവട്ടം കാണേണ്ടി വന്നു. സർവീസിന്റെ അവസാനകാലത്ത് ഇങ്ങനെയൊരു മഹാദുരന്തവും…..” ചീഫ് സെക്രട്ടറി ഡോ. വി. വേണു കേരളകൗമുദിയോട് മനസ് തുറന്നു. ഒപ്പം ഭാര്യയും നിയുക്ത ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനും.

”2018ലെ പ്രളയകാലത്ത് വയനാട്ടിൽ പ്രവർത്തിച്ചിരുന്നു. പുത്തുമല ഉരുൾപൊട്ടൽ മനസിൽ നിന്ന് മായില്ല. സർവീസിലെ പല ഘട്ടങ്ങളിലാണ് വയനാടിന്റെ ദുരന്ത മുഖത്തേക്ക് വന്നത്. ഇപ്പോൾ ഒരു മഹാദുരന്തവും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നിയുക്ത ചീഫ് സെക്രട്ടറിയുമായി എത്തിയത്. കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ ചെയ്യണം. അതിനാണ് തങ്ങൾ ഒരുമിച്ച് വന്നത്.എല്ലാം കണ്ടു. ഉരുൾപൊട്ടൽ ഉണ്ടായ ആദ്യ ദിവസം തന്നെ ഇവിടെ എത്തിയിരുന്നു. ദുരിതബാധിതരെ കണ്ടു. അവരെ കേട്ടു. അവരുടെ പുനരധിവാസമാണ് ലക്ഷ്യം. എന്റെ ഭാര്യയാണെങ്കിലും എന്നെക്കാൾ വയനാടുമായി അടുപ്പമുണ്ട് അടുത്ത ചീഫ് സെക്രട്ടറിക്ക് – വി.വേണു പറഞ്ഞു.

കണ്ണുനിറഞ്ഞു : ശാരദ മുരളീധരൻ

കുടുംബശ്രീ, കാർബൺ ന്യൂട്രൽ പദ്ധതി എന്നിങ്ങനെ പല തവണയായി വയനാട്ടിൽ വന്നിട്ടുണ്ടെന്ന് ശാരദ മുരളീധരൻ പറഞ്ഞു.

വയനാട്ടിൽ കണ്ണ് നിറയുന്ന അനുഭവങ്ങളാണ് കേട്ടത്. എല്ലാം നഷ്ടപ്പെട്ടവർ. ഉറക്കത്തിലാണ് എല്ലാം സംഭവിച്ചത്. ഉറ്റവരെയും ഉടയവരെയും കണ്ടെത്താനാവത്തവർ. ഭാവിയെക്കുറിച്ച് അവർക്ക് ആശങ്കയുണ്ട്. സർക്കാർ ഇവർക്കൊപ്പമുണ്ട്. ദുരിതാശ്വാസ ക്യാമ്പും ദുരന്തമേഖലയും സന്ദർശിച്ചു. അവർക്ക് ധൈര്യം പകരാൻ ശ്രമിച്ചു.

പുനരധിവാസത്തിന് നിർദ്ദേശം നൽകാം

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സാങ്കേതിക വിദഗ്ദ്ധരുടെ നിർദ്ദേശവും അഭിപ്രായവവും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ ഉരുൾപൊട്ടൽ പുനരധിവാസം ഒരുക്കുന്നതിന് സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്‌പെഷൽ ഓഫീസർ സാംബ ശിവ റാവു, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസി. കളക്ടർ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. ശുചിത്വ മിഷൻ തയ്യാറാക്കിയ ദുരന്ത മുഖത്തെ മാലിന്യ സംസ്‌കരണം റിപ്പോർട്ട് ഡോ വി. വേണു, ടിങ്കു ബിസ്വാളിന് നൽകി പ്രകാശനം ചെയ്തു.


Source link

Related Articles

Back to top button