CINEMA

'ഇനി പ്രതികരിച്ചിട്ടു വേണം എന്നെ ഏതെങ്കിലും വാഹനം ഇടിച്ചു തെറിപ്പിക്കാൻ'; തുറന്നടിച്ച് ഷമ്മി തിലകൻ

കൂടുതൽ പ്രതികരണത്തിന് മുതിർന്നാൽ ഒരു പക്ഷേ, തനിക്ക് ജീവഹാനി സംഭവിച്ചേക്കുമെന്ന് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ. സഹോദരിയോട് ഒരു നായക നടൻ മോശമായി സംസാരിച്ചതിനെക്കുറിച്ച് അറിഞ്ഞിരുന്നെന്നും അതിനെക്കുറിച്ച് പൊതു ഇടത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ഷമ്മി വ്യക്തമാക്കി. “ഞാൻ ഇനി കൂടുതൽ പറയുന്നില്ല. എന്നിട്ട് വേണം ഞാൻ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാനും, ഞാൻ പോകുന്ന വഴിയിൽ ഓരോ ആഗ്യം കാണിക്കാനും,” ഷമ്മി പ്രതികരിച്ചു. 
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺക്ലേവ് നടത്തുന്നത് അബദ്ധമാണെന്ന് ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു. ”കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണിച്ചാൽ പോകും. സിനിമാക്കാരുടെ സംഘടന ക്ഷണിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ഒരു പരിപാടിക്ക് ക്ഷണിക്കാതെയിരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനാണ് ഞാൻ എന്റെ ആയുസ്സ് കളയുന്നത്,” ഷമ്മി ചോദിക്കുന്നു. 

മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ട് എന്ന് പറയുന്ന ആദ്യ ആളുകളല്ല ഹേമ കമ്മിറ്റിയെന്നും മുൻപ് സംവിധായകൻ വിനയൻ നൽകിയ കേസിൽ കോടതി പിഴ ചുമത്തിയിട്ടുണ്ടെന്നും അവരുടെ പേരുകൾ ഉൾപ്പട്ടെ പുറത്തു വന്നിട്ടുണ്ടെന്നും ഷമ്മി ചൂണ്ടിക്കാട്ടി. ”ഈ ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിനു എത്രയോ മുൻപ് മരണപ്പെട്ട ആളാണ് അച്ഛൻ. എന്നിട്ടും അച്ഛനാണ് നിറഞ്ഞു നിൽക്കുന്നത്. അത് വലിയ തമാശയാണ്. കുറെ കാലം മുൻപ് വിനയൻ നൽകിയ പരാതിയിൽ എന്റെ മൊഴിയും എടുത്തിരുന്നു. കോടതിയിലെ മൊഴിപ്പകർപ്പിൽ എന്റെയും പേരുണ്ട്. എന്നാൽ ഹേമ കമ്മിറ്റി എന്റെ മൊഴി എടുത്തിരുന്നില്ല. അതിന്റെ കാരണം എനിക്ക് അറിയില്ല. ഇനി ഞാൻ പ്രതിസ്ഥാനത്താണോ എന്നും അറിയില്ലല്ലോ. ചിലപ്പോൾ അതുകൊണ്ടാവും ഹേമ കമ്മിറ്റി എന്റെ മൊഴി എടുക്കാഞ്ഞത്,” ഷമ്മി പറഞ്ഞു.

”അച്ഛൻ അനുഭവിച്ച വേദനയ്ക്ക് പരിഹാരം കാണാൻ അച്ഛൻ ചിലപ്പോൾ ഇവിടെ എവിടെയെങ്കിലും കാണുമായിരിക്കും. അച്ഛന്റെ സിനിമകൾ ഒഴിവാക്കിവിട്ട ആളുകളെ നമുക്കെല്ലാം അറിയാമല്ലോ. പക്ഷേ, തെളിവ് കിട്ടാൻ ഇപ്പോൾ സാധ്യതയില്ല,” ഷമ്മി തിലകൻ പറഞ്ഞു.

”പണ്ടത്തെ കാര്യങ്ങളാണ് ഹേമ കമ്മിറ്റിയിൽ തുറന്നു പറഞ്ഞത് എന്നാണല്ലോ വിവരം. പണ്ട് വേഷം മാറാൻ ഞങ്ങളും കഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസ് വേഷങ്ങൾ മാറാൻ വരെ വഴിയരികിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്,” ഷമ്മി ചൂണ്ടിക്കാട്ടി.  
പലരും ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസം കലർന്ന മറുപടിയാണ് ഷമ്മി നൽകിയത്. “‘ആളുകൾ പ്രതികരിക്കാത്തത് ചിലപ്പോൾ അവർക്ക് സംസാരിക്കാൻ പറ്റാത്ത അസുഖമുള്ളതുകൊണ്ടാകും,” എന്നായിരുന്നു ഷമ്മിയുടെ മറുപടി. 

English Summary:
‘Now I have to respond to any vehicle to hit me and throw me away’; Shammi Thilakan openup


Source link

Related Articles

Back to top button