രാജീവ് ചന്ദ്രശേഖർ ആസ്തി വിവരങ്ങൾ മറച്ചുവച്ചു, അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമ നിർദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ ശരിയായ ആസ്തിവിവരങ്ങൾ മറച്ചു വച്ചതായി കോൺഗ്രസ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. 200 കോടിയുടെ ആഡംബരബംഗ്ളാവിന്റെ വിവരം സത്യവാങ്മൂലത്തിൽ ചേർത്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
കർണാടകയിലെ കോറമംഗലയിൽ 15.07കോടി വില മതിക്കുന്ന 9600 ചതുരശ്ര അടിയുടെ വീട്, 369.12ഗ്രാം സ്വർണവും വജ്രവും ഉൾപ്പെടെ 3.58കോടിയുടെ ആഭരണങ്ങൾ, 10,000രൂപ വിലമതിക്കുന്ന 1942 മോഡൽ കാർ, പലിശ ഇനത്തിൽ ലഭിച്ച 5ലക്ഷം രൂപ,ഓഹരികളിലും കടപ്പത്രങ്ങളിലും ബോണ്ടുകളിലുമായി 35.83കോടിയുടെ നിക്ഷേപം, ബാങ്കുകളിൽ 4.37കോടിയുടെ സ്ഥിരനിക്ഷേപം,സ്ഥാപനങ്ങൾ വഴി വായ്പയായി നൽകിയ 34.96കോടി എന്നിവയാണു സ്വത്തുക്കൾ. കൈവശം 64,100 രൂപയും.ആദായനികുതി വകുപ്പിൽ സമർപ്പിച്ചറിട്ടേൺ പ്രകാരം പ്രതിവർഷ വരുമാനം 92.91 ലക്ഷംരൂപയാണ്. ഭാര്യ അഞ്ജുവിന് 60.50ലക്ഷവും. 9.08കോടിയുടെ ആഭരണങ്ങളടക്കം ഭാര്യയുടെ ആകെ സ്വത്ത് 18.10കോടിയാണ്. കൈവശം 3.40ലക്ഷം രൂപയുമുണ്ട്. വായ്പകൾ ഉൾപ്പെടെ രാജീവിന് 107.39 കോടിയുടെയും ഭാര്യയ്ക്ക് 1.62 കോടിയുടെയും ബാധ്യതകളാണുള്ളത്.അതേസമയം രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രികയ്ക് ഒപ്പം നൽകിയ സത്യവാങ്ങ്മൂലത്തിൽ വസ്തുതകളൊന്നും മറച്ചു വച്ചിട്ടില്ലെന്ന് ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു.ഇക്കാര്യത്തിൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Source link



