ഭാര്യയുമായി വഴക്കിട്ടെന്ന് പറഞ്ഞ് അവിവാഹിതന് പൊലീസ് മർദ്ദനം; പരാതി നൽകി കോട്ടയം സ്വദേശി
കോട്ടയം: ഭാര്യയുമായി വഴക്കുണ്ടാക്കിയെന്ന് പറഞ്ഞ് അവിവാഹിതനായ ആളെ പൊലീസ് അടിച്ചതായി പരാതി. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ എം മാത്യു (48) പറഞ്ഞു.
ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം നടന്നത്. മാതാവും സഹോദരനുമാണ് മാത്യുവിന് ഉള്ളത്. രോഗിയായ മാതാവിന് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് ജീപ്പ് അടുത്തുനിർത്തിയ ശേഷം പുറത്തിറങ്ങിയ എഎസ്ഐ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് മാത്യു പരാതിയിൽ പറയുന്നത്.
താൻ വിവാഹിതനല്ലെന്നും ഡിവെെഎസ്പിയുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോൾ പൊലീസ് പരിഹസിച്ചതായും മാത്യു ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പരിക്കേറ്റ മാത്യു കോട്ടയം ആശുപത്രിയിൽ ചികിത്സ തേടി. ഈ ഭാഗത്തുള്ള ഒരു വീട്ടിൽ കുടുംബകലഹം നടന്നത് സംബന്ധിച്ച് ഒരാൾ പൊലീസിനോട് ഫോണിൽ പരാതി അറിയിച്ചിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പൊലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്നാണ് സംശയം.
എന്നാൽ പരാതി നൽകിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോൾ ശാസിച്ച് പറഞ്ഞുവിട്ടതേയുള്ളൂവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മാത്യുവിനെ അടിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Source link