ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ : വടക്കു കിഴക്കൻ സെമി
ഷില്ലോംഗ്: 2024 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ പോരാട്ടത്തിന്റെ ആദ്യ സെമി ഫൈനൽ പോരാട്ടചിത്രം വ്യക്തം. 25നു വൈകുന്നേരം കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ വടക്കുകിഴക്കൻ ക്ലബ്ബുകളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഷില്ലോംഗ് ലാജോംഗ് എഫ്സിയെ നേരിടും. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ ആർമിയെയും ഷില്ലോംഗ് ലാജോംഗ് ഈസ്റ്റ് ബംഗാളിനെയും തോൽപ്പിച്ചു. നാളെ നടക്കുന്ന മറ്റു രണ്ടു ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളുടെ ഫലംകൂടി വ്യക്തമായാൽ മാത്രമേ സെമിയുടെ പൂർണ ചിത്രം തെളിയൂ. നാളെ നടക്കുന്ന ആദ്യ ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് പഞ്ചാബ് എഫ്സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും തമ്മിലാണ് നാളത്തെ മറ്റൊരു ക്വാർട്ടർ പോരാട്ടം. 27നാണ് നാളത്തെ ക്വാർട്ടർ ഫൈനൽ ജേതാക്കൾ തമ്മിലുള്ള സെമി പോരാട്ടം. നോർത്ത് ഈസ്റ്റ് ജയം ആസാമിലെ കൊക്രജാരിലുള്ള സായ് സ്റ്റേഡിയത്തിൽനടന്ന ക്വാർട്ടർ ഫൈനലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 2-0ന് ഇന്ത്യൻ ആർമിയെ തോൽപ്പിച്ചു. 54-ാം മിനിറ്റിൽ സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ നെസ്റ്റർ അൽബിയച്ച് റോജർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു ലീഡ് സമ്മാനിച്ചു.
സ്പാനിഷ് ഫോർവേഡായ ഗില്ലെർമോ ഫെർണാണ്ടസ് ഹിറോയുടെ (73’) വകയായിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ. 2024-25 സീസണിനു മുന്നോടിയായാണ് ഗില്ലെർമോ നോർത്ത് ഈസ്റ്റിൽ എത്തിയത്. അട്ടിമറി ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചാണ് ഐ ലീഗ് സംഘമായ ഷില്ലോംഗ് ലാജോംഗ് സെമിയിലേക്കു മുന്നേറിയത്. എട്ടാം മിനിറ്റിൽ സിൽവയുടെ ഗോളിൽ ഷില്ലോംഗ് ലീഡ് നേടി. എന്നാൽ, നന്ദയിലൂടെ (77′) ഈസ്റ്റ് ബംഗാൾ ഒപ്പമെത്തി. 84-ാം മിനിറ്റിൽ ഫിഗോയുടെ ഗോളിൽ ഷില്ലോംഗ് ജയവും സെമി ടിക്കറ്റും കരസ്ഥമാക്കി.
Source link