KERALAMLATEST NEWS

നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം, നിയന്ത്രണങ്ങൾ ഒഴിവാക്കിയെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മലപ്പുറത്തെ നിപ പ്രതിരോധം വിജയമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിൾ ഇൻക്യുബേഷൻ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 472 പേരേയും പട്ടികയിൽ നിന്നും ഒഴിവാക്കി. പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിയ്ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. എന്നാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് കാരണം മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡബിൾ ഇൻക്യുബേഷൻ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒറ്റക്കെട്ടായി പ്രവർത്തിച്ച മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. മറ്റൊരാളിലേക്ക് നിപ വൈറസ് പകരാതെ സംരക്ഷിക്കാനായത് ഒറ്റക്കെട്ടായുള്ള പ്രവർത്തനം കൊണ്ടാണ്. കുട്ടിയുടെ മരണം തീരാനഷ്ടമാണെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് നിപ വൈറസ് സംശയിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. നിപ നിയന്ത്രണത്തിനായി നിപ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 25 കമ്മിറ്റികൾ രൂപീകരി . 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം ആരംഭിച്ചു. നിപ സമ്പർക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ആവശ്യമായ തീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താല്ക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങി. മാനസികാരോഗ്യം ഉറപ്പാക്കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളിൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കി.


Source link

Related Articles

Back to top button