ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഗാസയിൽനിന്ന് വീണ്ടെടുത്തു
ടെൽ അവീവ്: ഗാസയിൽനിന്ന് ആറു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തതായി ഇസ്രേലി സേന അറിയിച്ചു. 35 മുതൽ 80 വരെ വയസ് പ്രായമുള്ളവരവാണിവർ. അഞ്ചു പേരുടെ മരണം നേരത്തേതന്നെ ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രേലി സേന തിങ്കളാഴ്ച ഖാൻ യൂനിസ് മേഖലയിൽ നടത്തിയ ഓപ്പറേഷനിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് ഭീകരർ ഗാസാ വേലിയോടു ചേർന്ന കിബ്ബുട്സ് നിർ ഓസ്, കിബ്ബുട്സ് നിരിം എന്നിവിടങ്ങളിൽനിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
ഖാൻ യൂനിസിലെ ഓപ്പറേഷനിടെയാണ് ഇവരിൽ മൂന്നു പേർ കൊല്ലപ്പെട്ടതെന്ന് ഇസ്രേലി സേന ജൂണിൽ സമ്മതിച്ചിരുന്നു. മറ്റൊരാളുടെ മരണവും ഇസ്രേലി സേനയുടെ വെടിയേറ്റാണെന്ന് ഇസ്രേലി മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഇനിയുള്ള ബന്ദികളെ ചർച്ചയിലൂടെ വേണം ഇസ്രയേലിലെത്തിക്കേണ്ടതെന്നു ബന്ദികളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ഹമാസിന്റെ കസ്റ്റഡിയിൽ ഇനി 71 പേർകൂടി ജീവനോടെയുണ്ടെന്നാണ് അനുമാനം.
Source link