‘വല്ലാത്ത കഥാപാത്രമല്ലേ അത്, ഷൂട്ടിംഗ് കഴിഞ്ഞ് രണ്ടാഴ്ചയോളം കിടപ്പിലായി; സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു’
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ ഗ്രേസ് ആന്റണിയാണ് നായിക. ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന അടക്കമുള്ള താരങ്ങൾ അണിനിരക്കുന്നുണ്ട്.
നുണക്കുഴി എന്നത് ഒരു കോമഡി എന്റർടെയ്നർ ആണെന്നും കണ്ടിരിക്കാൻ രസമായിരിക്കുമെന്നും മനോജ് കെ ജയൻ പറഞ്ഞു. ഒരു ദിവസം രാവിലെ തുടങ്ങി പിറ്റേദിവസം രാവിലെ വരെയുള്ള കഥയാണ് ചിത്രം പറയുന്നതെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.
ചില കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ കുറച്ച് ദിവസത്തേക്ക് അതിന്റെ ഇംപാക്ട് ഉണ്ടാകുമെന്ന് മനോജ് കെ ജയൻ പറഞ്ഞു. അനന്തഭദ്രത്തിലെ ദിഗംബരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴും അങ്ങനെയായിരുന്നു. ‘ആ സമയത്ത് ചെന്നൈയിലാണ് ഞാൻ താമസം. പനിയൊക്കെ പിടിച്ച് കിടന്നുപോയി. ഷൂട്ടിംഗ് കഴിഞ്ഞ് രാത്രിയാകുമ്പോൾ ഒരുമാതിരി പനി, കുറേ ദിവസത്തേക്ക്. ചിത്രം ഹിറ്റായതിന്റെ സന്തോഷം പങ്കുവച്ച് കോളൊക്കെ വരുന്നുണ്ട്. പക്ഷേ എനിക്ക് ഫോൺ എടുക്കാനാവുന്നില്ല, സംസാരിക്കാൻ കഴിയുന്നില്ല. വല്ലാത്ത കഥാപാത്രമല്ലേ അത്. ചില കഥാപാത്രങ്ങൾ ചെയ്താൽ നമ്മളെ കുറച്ചൊക്കെ ബാധിക്കും. പ്രമോഷനൊന്നും പോകാൻ പറ്റിയില്ല.’- മനോജ് കെ ജയൻ പറഞ്ഞു.
Source link