മാലിന്യവുമായി പഞ്ചായത്ത് ഓഫീസിൽ, യുവാവ് കുടുങ്ങി
പെരുമ്പാവൂർ: വെങ്ങോല സ്വദേശിയായ അനൂപ് എന്ന യുവാവിന്റെ ആവേശം പുലിവാലായി. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവങ്ങളുടെ തുടക്കം. തന്റെ വീടിന്റെ അടുത്ത് കിടന്ന മാലിന്യമടങ്ങുന്ന രണ്ട് ചാക്കുകെട്ടുമായി അനൂപ് ഓട്ടോയിൽ പഞ്ചായത്ത് കോമ്പൗണ്ടിൽ വന്നിറങ്ങുന്നു. ചാക്കുകെട്ടുകളുമായി ഓഫീസിലേക്ക് കയറിയപ്പോൾ ജീവനക്കാർ പകച്ചു. വിവരാവകാശ പ്രകാരം രേഖകൾ ചോദിച്ചെത്തുന്ന വ്യവഹാരിയായി അറിയപ്പെടുന്ന അനൂപിന്റെ അടുത്തനീക്കം എന്താവുമെന്ന് അവർ ശങ്കിച്ചു.
എല്ലാരും ശമ്പളമൊക്കെ വാങ്ങിയില്ലേ, ഈ മാലിന്യത്തിന്റെ നാറ്റം സഹിക്കെന്നായി അനൂപ്. വെങ്ങോല പഞ്ചായത്തിലെ മാലിന്യം ഹരിതകർമ്മസേന തന്റെ വീടിന്റെ പരിസരത്ത് കൊണ്ടു തള്ളിയെന്ന് ആരോപിച്ചായിരുന്നു അനൂപിന്റെ പ്രവൃത്തി. ഇനി വീടിന്റെ അടുത്ത് മാലിന്യം ഇട്ടാൽ അത് പഞ്ചായത്ത് അധികൃതരുടെ വീടുകളിൽ എത്തിക്കുമെന്ന് ഭീഷണി മുഴക്കി സ്ഥലംവിട്ടു.
പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഹാഷിം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസെത്തി ചാക്കുകെട്ട് തുറന്നപ്പോൾ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ. കോട്ടയം പാലായ്ക്കടുത്തുള്ള കടനാട് പഞ്ചായത്തിന്റെ ലേബലും കണ്ടെത്തി. പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ക്ളീൻകേരള കമ്പനി യാർഡിലേക്ക് ലോറിയിൽ കൊണ്ടുപോയ ചാക്കുകെട്ടുകളാണെന്ന് സ്ഥിരീകരിച്ചു. ഇവ അനൂപിന്റെ വീടിന്റെ പരിസരത്ത് എത്തിയപ്പോൾ ലോറിയിൽ നിന്ന് വീണതാണെന്നും മനസിലായി. ചാക്കുകെട്ടുകൾ പൊലീസ് തന്നെ നീക്കംചെയ്തു. പഞ്ചായത്ത് ഓഫീസിൽ ചാക്കുകെട്ടുകൾ കൊണ്ടുവന്നിട്ട് പ്രവർത്തനം തടസപ്പെടുത്തിയതിന് അനൂപിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Source link