KERALAMLATEST NEWS

അച്ഛന് കൂടിയുള്ള അംഗീകാരം: സുമംഗല സുകുമാർ

കൊച്ചി: ”എനിക്ക് ലഭിച്ച അവാർഡ് അച്ഛന് കൂടിയുള്ള അംഗീകാരം. കാർട്ടൂണിസ്റ്റ് മാത്രമായിരുന്നില്ല,നന്നായി പാടുകയും ചെയ്‌തിരുന്നു അച്ഛൻ സുകുമാർ,”” ഡബ്ബിംഗിന് സംസ്ഥാന അവാർഡ് നേടിയ സുമംഗല പറയുന്നു. അവാർഡിന് അർഹമായ ‘ജനനം 1947,പ്രണയം തുടങ്ങുന്നു” സിനിമയ്‌ക്ക് ശബ്‌ദം നൽകിയ വിശേഷങ്ങൾ അച്ഛനോട് പറഞ്ഞിരുന്നു. നന്നായി ചെയ്തെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. അവാർഡ് കിട്ടുമ്പോൾ അച്ഛൻ ഒപ്പമില്ലല്ലോയെന്ന വിഷമമേയുള്ളൂ.

ക്യാൻസറിന് ചികിത്സ തേടുന്നതിനിടയിലാണ് എഴുപതുകാരിയായ വിമല ടീച്ചർ എന്ന കഥാപാത്രത്തിന് 61കാരി സുമംഗല ശബ്‌ദം നൽകിയത്. വിഷമതകൾ മറന്ന് നാലു ദിവസംകൊണ്ട് ഡബ്ബിംഗ് പൂർത്തിയാക്കി. അന്ന് സിനിമ പൂർത്തിയായപ്പോൾ മികച്ച ശബ്‌ദമാണ്,അംഗീകാരം ലഭിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞെങ്കിലും പ്രതീക്ഷിച്ചില്ല. ഇപ്പോൾ രോഗമുക്തി നേടിയതിന്റെ ആശ്വാസം അവാർഡിന് മധുരവും നൽകുന്നു.

2003 മുതൽ സുമംഗല ഡബ്ബിംഗിലുണ്ട്. നൂറിലേറെ സിനിമകൾക്കും ടി.വി പരിപാടികൾക്കും ശബ്‌ദം നൽകി. ടി.വി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. ഫെഫ്‌ക ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയൻ സെക്രട്ടറിയായും പ്രവർത്തിച്ചു. കാക്കനാട് പാലച്ചുവടിലാണ് താമസം. ഭർത്താവ് കെ.ജി. സുനിൽ സെക്യൂരിറ്റി സ്ഥാപനം നടത്തുന്നു. എൻജിനിയറായ സനൂപ് കൃഷ്‌ണൻ,അഡ്വ. ശ്രീകുമാർ എന്നിവർ മക്കളും ചിപ്പി മരുമകളുമാണ്.


Source link

Related Articles

Back to top button