CINEMA

6 അവാർഡുകളുമായി മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം: ഇത് മലയാളത്തിന്റെ ഒരേയൊരു ഉർവശി


മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ഉര്‍വശി അവാര്‍ഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് പുരസ്‌കാരത്തിലെ ഉര്‍വശി എന്ന നാമം ബന്ധപ്പെട്ടവര്‍ എടുത്തു മാറ്റി. എന്നിട്ടും നാല് പതിറ്റാണ്ടിലധികമായി തെന്നിന്ത്യന്‍ സിനിമയിലെ അവിഭാജ്യഘടകങ്ങളിലൊന്നായ നടി ഉര്‍വശിക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടില്ല. അതിന്റെ കാരണങ്ങള്‍ എന്തു തന്നെയായാലും പുരസ്‌കാരങ്ങള്‍ക്കും മാധ്യമ ശ്രദ്ധയ്ക്കും പിന്നാലെ പായുന്ന വ്യക്തിയല്ല ഉര്‍വശി. നിശ്ശബ്ദമായി തന്റെ കര്‍മ്മം അനുഷ്ഠിച്ച് പിന്‍വാങ്ങുന്നതാണ് അവരുടെ രീതി. 

ഉർവശി

കേരള സര്‍ക്കാര്‍ ആറ് തവണയും തമിഴ്‌നാട് സര്‍ക്കാര്‍ ഒന്നിലേറെ തവണയും മികച്ച പ്രകടനത്തിനുളള അവാര്‍ഡ് നല്‍കിയ ഉര്‍വശിക്ക് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമാണ് ആറ് തവണ സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. നടികളില്‍ ഈ ബഹുമതി നേടുന്ന ഒരേയൊരു വ്യക്തിയാണ് ഉര്‍വശി. 

ഉര്‍വശിയുടെ പ്രതിഭയുമായി തട്ടിച്ചു നോക്കുമ്പോള്‍ ലഭിച്ച അംഗീകാരങ്ങള്‍ അപര്യാപ്തമെന്നേ പറയാന്‍ കഴിയൂ. പല കുറി ദേശീയ പുരസ്‌കാരവും മിനിമം ഒരു പത്മശ്രീയും ലഭിക്കാനുളള ദൂരം താണ്ടിയിട്ട് വര്‍ഷങ്ങളെത്ര കഴിഞ്ഞു. 

വിവിധ തെന്നിന്ത്യന്‍ ഭാഷകളിലായി നൂറുകണക്കിന് സിനിമകളിലാണ് അവര്‍ അഭിനയിച്ചു തീര്‍ത്തത്. അഭിനയം എന്ന് പറഞ്ഞാല്‍ പൊതുവെ നടികള്‍ ചെയ്യാറുളളതു പോലെ നായകന്റെ നിഴലായി നടക്കുന്ന കേവലം കെട്ടുകാഴ്ചയായിരുന്നില്ല ഉര്‍വശി. അത്തരം വേഷങ്ങള്‍ക്കായി അവരെ ആരും ക്ഷണിക്കാറുമില്ല. കാമ്പും കരുത്തും കാതലുമുളള ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഉര്‍വശിയുടെ ഡേറ്റ് ഇല്ലെങ്കില്‍ പോലും മറ്റൊരു നടിയെ കാസ്റ്റ് ചെയ്യാറില്ല സിനിമാക്കാര്‍. കാരണം ഉര്‍വശിക്ക് പകരക്കാരില്ലെന്നതാണ് വാസ്തവം. തലയണമന്ത്രത്തിലെയും അച്ചുവിന്റെ അമ്മയിലെയു മഴവില്‍ക്കാവടിയിലെയും പൊന്‍മുട്ടയിടുന്ന താറാവിലെയുമൊക്കെ റോള്‍ മറ്റേതെങ്കിലും നടിക്ക് ഇത്രമേല്‍ ആഴത്തിലും സരസമായും അഭിനയിച്ച് ഫലിപ്പിക്കാനാവുമോ?

Urvashi won her sixth state film award for her performance in ‘Ullozhukku’. Photo: Manorama

ദേശീയ പുരസ്‌കാരം നേടിയ ശോഭന അടക്കമുളളവര്‍ അറിയപ്പെടുന്നത് മണിച്ചിത്രത്താഴ് എന്ന ഒരേയൊരു സിനിമയിലെ ഔട്ട്‌സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സിന്റെ പേരിലാണ്. എന്നാല്‍ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിക്കാത്ത ഉര്‍വശി അറിയപ്പെടുന്നത് അസംഖ്യം കഥാപാത്രങ്ങളുടെ പേരിലാണ്. ആ ബഹുമതി ലഭിക്കാത്തതു കൊണ്ട് ഉര്‍വശിക്ക് ഒന്നും സംഭവിച്ചിട്ടില്ല. തെന്നിന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണ് അവരെന്ന് തര്‍ക്കവിതര്‍ക്കങ്ങളില്ലാതെ എല്ലാവരും അംഗീകരിക്കുന്ന സത്യമാണ്. എന്നാല്‍ ഉര്‍വശിയെ അവര്‍ അര്‍ഹിക്കുന്ന തലത്തില്‍ അംഗീകരിക്കാത്തതിലുടെ ദേശീയ പുരസ്‌കാരത്തിന്റെ പകിട്ടാണ് കുറയുന്നത്.

എന്താണ് ഉര്‍വശിയുടെ സവിശേഷത?

സ്വാഭാവിക അഭിനയത്തിന് പുകള്‍പെറ്റ ഒന്നിലേറെ നടിമാർ മലയാളത്തിലുണ്ട്. കെ.പി.എ.സി ലളിതയും അടുര്‍ ഭവാനിയും മുതല്‍ രജീഷാ വിജയനും ഗ്രേസ് ആന്റണി വരെ ആ ഗണത്തില്‍ പെടുന്നു. അഭിനയിക്കുകയാണെന്ന് തോന്നാത്ത വിധത്തില്‍ കഥാപാത്രമായി ജീവിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ ജനുസിന്റെ പാരമ്യതയില്‍ നില്‍ക്കുന്ന അഭിനേത്രിയാണ് ഉര്‍വശി. എന്നാല്‍ ഇവര്‍ക്കൊക്കെ സ്വതസിദ്ധമായ ഒരു ആക്ടിംഗ് പാറ്റേണ്‍ ഉണ്ട്. ഉര്‍വശിയെ സംബന്ധിച്ച് ഒരു കളളിയിലും തളച്ചിടാനാവാത്ത നടിയാണ് അവര്‍. നടികളിലെ മോഹന്‍ലാല്‍ എന്നാണ് കമലഹാസന്‍ ഒരിക്കല്‍ അവരെ വിശേഷിപ്പിച്ചത്. വൈവിധ്യം കൊണ്ടും കാലത്തിന് ശോഭ കെടുത്താനാവാത്ത അഭിനയ മികവു കൊണ്ടും തന്നെ വിസ്മയിപ്പിച്ച കലാകാരി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 

ഉര്‍വശിയുടെ റേഞ്ച് അറിയാന്‍ ഏറ്റവും ഒടുവില്‍ പുരസ്‌കാരം ലഭിച്ച ഉളെളാഴുക്ക‌് എന്ന സിനിമ മാത്രം പരിശോധിച്ചാല്‍ മതിയാകും. നാളിതുവരെയുളള തന്റെ അഭിനയരീതികളെ പൂര്‍ണ്ണമായും നിരാകരിച്ചു കൊണ്ട് പുതിയ ഒരു ആക്ടിംഗ് മെത്തേഡാണ് അവര്‍ ഈ സിനിമയില്‍ സ്വീകരിച്ചിട്ടുളളത്. മാറിയ കാലത്തിന്റെ സംവേദന ശീലങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍ വളരെ ധ്വന്വാത്മകമായ പെര്‍ഫോമിംഗ് സ്‌റ്റൈല്‍. കെട്ടഴിച്ചു വിടപ്പെട്ട ദുഖത്തേക്കാള്‍ നിയന്ത്രിത വൈകാരികതയിലൂടെ വലിയ ഇംപാക്ട് ഉണ്ടാക്കാനാണ് അവരുടെ ശ്രമം. മനസില്‍ വല്ലാത്ത വിങ്ങലുണ്ടാക്കുന്ന തരം പാത്രവ്യാഖ്യാനമാണ് അവരുടേത്. ഇന്നസെന്റും മുകേഷും അടക്കം മലയാളത്തിലെ പല അഭിനേതാക്കളുടെയും പരിമിതിയായി പറയപ്പെടുന്നത് അവര്‍ സ്വന്തം ശൈലിയുടെ തടവുകാരാണ് എന്നതാണ്. അതിന്റെ സുരക്ഷിതമേഖലയ്ക്കപ്പുറം കടന്ന് മറ്റൊരു വിതാനത്തിലേക്കുയരാന്‍ എന്തുകൊണ്ടോ അവര്‍ക്ക് കഴിയാറില്ല. ഒരു അഭിനേതാവ് എത്ര പ്രതിഭാധനനെങ്കിലും അയാളുടെ പരിമിതി വെളിപ്പെടുത്തുന്ന പ്രതിസന്ധി ഘട്ടമാണിത്. എന്നാല്‍ ഉര്‍വശിയെ സംബന്ധിച്ച് അവര്‍ വളയമില്ലാ ചാട്ടം നടത്താന്‍ ശേഷിയുളള നടിയാണ്. സംസ്ഥാന പുരസ്‌കാരം നേടിയ കഴകത്തിലും മഴവില്‍ക്കാവടിയിലും കാണുന്നത് രണ്ട് തരം ഉര്‍വശിയെയാണ്. ശരീരഭാഷയിലോ മാനറിസങ്ങളിലോ ഡയലോഗ് ഡെലിവറിയിലോ ഒന്നും ഒരു സാധര്‍മ്മ്യവുമില്ലാത്ത വിധത്തില്‍ കഥാപാത്രങ്ങള്‍ക്ക് വൈവിധ്യം നല്‍കുന്ന മാജിക്ക് അവര്‍ക്ക് കരഗതമാണ്. 

നര്‍മ്മത്തിന് പുതുഭാഷ്യം നല്‍കിയ നടി
മലയാളത്തില്‍ വലിയ അഭിനയമികവ് അവകാശപ്പെടാവുന്ന വേറെയും നടികളുണ്ട്. ശാരദ, സീമ, ശോഭന, മഞ്ചു വാര്യര്‍…എന്നിങ്ങനെ അവരുടെ പട്ടിക അനന്തമായി നീളുന്നു. എന്നാല്‍ ഏതൊരു അഭിനേതാവിനും അത് സ്ത്രീയോ പുരുഷനോ ആയിക്കൊളളട്ടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ ഏറ്റവും പ്രയാസമുളള വികാരമാണ് ഹാസ്യം. ഞെക്കിപ്പിഴിച്ച് നര്‍മ്മം സൃഷ്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ചില നടികളെ കണ്ട് പലപ്പോഴും സഹതാപം തോന്നിയിട്ടുമുണ്ട.് നര്‍മ്മബോധം സഹജവും സ്വാഭാവികവും ഒരു പരിധി വരെ ജന്മസിദ്ധവുമാണ്. ഉര്‍വശി അത്തരം കഴിവുകളാല്‍ അറിഞ്ഞ് അനുഗ്രഹിക്കപ്പെട്ട നടിയാണ്. 

ഹ്യൂമറില്‍ അവര്‍ തനതായ ഒരു ഭാഷ്യം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കുട്ടിത്തം നിറഞ്ഞ മാനറിസങ്ങളിലുടെ അതിനെ ആകര്‍ഷകമാക്കുന്ന സവിശേഷമായ രീതിയും അതിലുണ്ട്. കാക്കത്തൊളളായിരം, കളിപ്പാട്ടം ,  കടിഞ്ഞൂല്‍ കല്യാണം, മുഖമൂദ്ര എന്നീ സിനിമകളിലെല്ലാം ഇത് ദൃശ്യമാണ്.‌ ഡയലോഗ് ഡെലിവറിയിലെ ഉര്‍വശി സ്‌റ്റൈലും എടുത്തു പറയേണ്ടതാണ്.

‘ആരാണിവള്‍? ഏതാണീ മൂഷാട്ട?’ 
‘വെജിറ്റേറിയനാണെന്ന് പറഞ്ഞ് എന്നെ പറ്റിച്ച ക…ളള…നാണീ ചേട്ട..ന്‍’
ഇതൊക്കെ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സംഭാഷണ ശകലങ്ങളാണ്. സൂക്ഷ്മാഭിനയത്തിന്റെ സാധ്യതകള്‍ സമര്‍ത്ഥമായി ഉപയോഗിക്കാനറിയുന്ന നടീനടന്‍മാര്‍ വിരളമാണ്. മലയാളത്തില്‍ അത് ഏറ്റവും ഫലപ്രദമായി സാധ്യമാക്കിയ ഒരു നടന്‍ മോഹന്‍ലാലാണ്. നെടുമുടിയും ഭരത് ഗോപിയും തിലകനും അടക്കമുളളവരും ഇതേക്കുറിച്ച് ബോധവാന്‍മാരാണെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ സംവേദനം ചെയ്യപ്പെടാന്‍ പ്രയാസമുളള വൈകാരികാവസ്ഥകള്‍ പോലും കേവലം ഒരു നോട്ടം കൊണ്ടും ചെറുചലനം കൊണ്ടും വിനിമയം ചെയ്യാന്‍ ലാലിനോളം സാധിച്ച ഒരു നടന്‍ വേറെയില്ല. നടികള്‍ ഇക്കാര്യത്തില്‍ ബഹുദൂരം പിന്നിലാണ്. ഉര്‍വശി മാത്രമാണ് ഏക അപവാദം. ഒരു കഥാപാത്രത്തിന്റെ മാനസിക തലം വെളിപ്പെടുത്താന്‍ ഭാവവ്യതിയാനങ്ങള്‍ക്കപ്പുറം ശാരീരിക ചലനങ്ങളടക്കം അവര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നത് കാണാം. തലയണമന്ത്രത്തിലെ അത്യാഗ്രഹിയായ കാഞ്ചനയെ ജീവിതത്തില്‍ നിന്ന് എടുത്തു വച്ച പ്രതീതി ജനിപ്പിക്കുമാറ് യാഥാര്‍ത്ഥ്യബോധത്തോടെയും പൂര്‍ണ്ണതയോടെയും അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

കാലപ്രവാഹത്തില്‍ മങ്ങാത്ത അഭിനയപ്രതിഭ
കാലം ഏതൊരു കലാകാരന്റെയും കലാകാരിയുടെയും പ്രകടനങ്ങളില്‍ മാറ്റം സൃഷ്ടിക്കുമെന്ന് പറയാറുണ്ട്. ചിലരുടെയെങ്കിലും കാര്യത്തില്‍ അത് യാഥാര്‍ത്ഥ്യവുമാണ്. നമ്മള്‍ മുന്‍പ് കണ്ട് പരിചയിച്ച മോഹന്‍ലാലിലെ അഭിനയപ്രതിഭയെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങൾ ഇന്നത്തെ സിനിമകളില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഉര്‍വശിയുടെ അവസ്ഥ അതല്ല. ഒന്നോ രണ്ടോ സീനുകളില്‍ മിന്നിമറയുന്ന അപ്രധാന കഥാപാത്രത്തില്‍ കൊണ്ടിട്ടാലും ഉര്‍വശി ടച്ച് കൊണ്ട് അവര്‍ മറ്റുളളവരെ നിഷ്പ്രഭമാക്കും. മലയാളത്തില്‍ ഈ മാജിക്ക് സാധിച്ചിരുന്ന മറ്റൊരു കലാകാരന്‍ കൂടിയുണ്ടായിരുന്നു, ജഗതി ശ്രീകുമാര്‍. 60 സീനുകളില്‍ നിറഞ്ഞു നില്‍ക്കുന്ന  നായകനെക്കാള്‍ കേവലം 6 സീനുകളില്‍ വന്നു പോകുന്ന ജഗതി പൂണ്ട് വിളയാടുമായിരുന്നു. കിലുക്കത്തിലും യോദ്ധയിലും മോഹന്‍ലാല്‍ എന്ന മഹാനടനുമായി ഇഞ്ചോടിഞ്ച് മത്സരിക്കുകയും പലപ്പോഴും ലാലിനെ പോലും മറിടക്കും വിധം പെര്‍ഫോം ചെയ്യാന്‍ ജഗതിക്ക് കഴിഞ്ഞിട്ടുണ്ട്. 

നായകനെ മറികടക്കുന്നതു പോയിട്ട് അയാള്‍ക്കൊപ്പം നില്‍ക്കാന്‍ ശേഷിയുളള ഒരു നടിയേയുളളു മലയാളത്തില്‍. അത് ഉര്‍വശിയാണ്. ഭരതത്തിലും മിഥുനത്തിലും അവര്‍ മോഹന്‍ലാല്‍ എന്ന സമാനതകളില്ലാത്ത നടനൊപ്പം നിന്ന് പെര്‍ഫോം ചെയ്യുന്ന കാഴ്ച വിസ്മയാവഹമാണ്. ഭരതത്തില്‍ ജ്യേഷ്ഠന്റെ മരണം മറച്ചു വച്ച് അനുജത്തിയുടെ വിവാഹം നടത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ഇടയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ അകലെ മാറി നിന്ന് ഉര്‍വശിയുടെ കഥാപാത്രം തമ്പ് ഉയര്‍ത്തിക്കാട്ടി ധൈര്യം കൊടുക്കുന്ന ഒരു വിഷ്വലുണ്ട്. അവരും ഹൃദയഭാരം ഒതുങ്ങിപ്പിടിച്ചാണ് മറ്റേയാള്‍ക്ക് ധൈര്യം നല്‍കുന്നത്. അഭിനയകലയുടെ അപാരതയെ സ്പര്‍ശിക്കുന്ന ഇത്തരം മുഹൂര്‍ത്തങ്ങള്‍ അനായാസം അഭിനയിച്ച് ഫലിപ്പിക്കാന്‍ ഉര്‍വശിക്ക് കഴിയുന്നു. 

ഉളെളാഴുക്ക് അവരുടെ പ്രതിഭയെ സ്ഫുടം ചെയ്ത് മറ്റൊരു വിതാനത്തില്‍ എത്തിച്ച സിനിമയാണ്. മാതൃഹൃദയത്തിന്റെ വേദനകള്‍ ആലേഖനം ചെയ്യുന്ന കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് പുതുമയല്ല. മകന്റെ ജീവിതം ദുരന്തപൂര്‍ണ്ണമാകുന്നതിലുളള അമ്മയുടെ ദുഖം എന്ന അവസ്ഥാ വിശേഷം കവിയുര്‍ പൊന്നമ്മയും ലളിതയും കെ.ആര്‍.വിജയയും ഷീലയും അടക്കം അനവധി അഭിനേത്രികള്‍ പല തലങ്ങളില്‍ വ്യാഖ്യാനിച്ചിട്ടുമുണ്ട്. അതിനെല്ലാം ഏകതാനത ഉണ്ടായിരുന്നില്ലേയെന്ന് തോന്നാം. സമാനമായ രീതിയിലുളള ഒരു പാത്രസൃഷ്ടിയായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍ ഉളെളാഴുക്ക് വേറിട്ടതാകുമായിരുന്നില്ല. എന്നാല്‍ ഉര്‍വശി തനിക്ക് മാത്രം സാധിക്കുന്ന വിധത്തില്‍ അത്തരമൊരു കഥാപാത്രത്തിന് പുതിയ ഒരു ഭാഷ്യം തന്നെ ചമച്ചു അതുകൊണ്ട് തന്നെ ഇപ്പോള്‍ ലഭിച്ച പുരസ്‌കാരം ഏറെ പ്രസക്തമാകുന്നു. ദേശീയ പുരസ്‌കാര നിര്‍ണ്ണയത്തിലുളളവരുടെയും കണ്ണു തുറപ്പിക്കാന്‍ ഈ കഥാപാത്രം വഴിതുറക്കുമെന്ന് പ്രത്യാശിക്കാം.


Source link

Related Articles

Back to top button