വെടിനിർത്തലിന് ഏറ്റവും നല്ല അവസരം: ബൈഡൻ
വാഷിംഗ്ടൺ ഡിസി: ഗാസാ വെടിനിർത്തൽ യാഥാർഥ്യമാകുമെന്നതിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വെടിനിർത്തലിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്രശ്രമങ്ങളുടെ ഭാഗമായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ വീണ്ടും ഇസ്രയേലിലേക്ക് അയയ്ക്കും. ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളെ അട്ടിമറിക്കുന്ന നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ബൈഡൻ കൂട്ടിച്ചേർത്തു. ഗൗരവത്തോടെയുള്ള ചർച്ചകൾ പ്രതീക്ഷ നല്കുന്നതാണെന്ന് മധ്യസ്ഥശ്രമങ്ങൾക്കു നേതൃത്വം നല്കുന്ന യുഎസ്, ഈജിപ്ത്, ഖത്തർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഗാസയിൽ വെടിനിർത്തുന്നതിനും ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതും ഉൾപ്പെടുന്ന പദ്ധതിയാണ് പരിഗണനയിൽ. പദ്ധതി നടപ്പാക്കുന്നതിന്റെ സാങ്കേതികവശങ്ങൾ സംബന്ധിച്ച ചർച്ച വരും ദിവസങ്ങളിൽ തുടരും. അതേസമയം, മധ്യസ്ഥർ ശുഭപ്രതീക്ഷ നല്കുന്പോഴും ഇസ്രയേലും ഹമാസും ഈ രീതിയിലുള്ള പ്രതികരണങ്ങൾക്കു തയാറായിട്ടില്ല. ഇറാനെ നേരിടാൻ ബ്രിട്ടനും ഫ്രാൻസും സഹായിക്കണം: ഇസ്രയേൽ ടെൽ അവീവ്: നേരിട്ടൊരു യുദ്ധമുണ്ടായാൽ ഇറാനെ ആക്രമിക്കാൻ അമേരിക്ക മാത്രമല്ല ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള മിത്രങ്ങളും സഹായിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച് ഇസ്രയേൽ.
കഴിഞ്ഞ ദിവസം ജറൂസലെമിൽ ബ്രിട്ടീഷ്, ഫ്രഞ്ച് വിദേശകാര്യമന്ത്രിമാരായ ഡേവിഡ് ലാമി, സ്റ്റെഫാൻ സെഷോർണെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ഇസ്രേലി വിദേശകാര്യമന്ത്രി മന്ത്രി ഇസ്രയേൽ കാറ്റ്സ് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. ഹനിയ വധത്തെത്തുടർന്ന് ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കുന്നതു തടയാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായിട്ടാണ് ബ്രിട്ടീഷ്, ഫ്രഞ്ച് മന്ത്രിമാരെത്തിയത്. ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആക്രമണമുണ്ടായാൽ ഇറാനിൽ പ്രത്യാക്രമണം നടത്തുന്നതിന് അമേരിക്കയ്ക്കൊപ്പം ചേരുമെന്നും ബ്രിട്ടനും ഫ്രാൻസും പരസ്യമായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേൽ കാറ്റ്സ് ആവശ്യപ്പെട്ടു. എന്നാൽ നയതന്ത്രനീക്കങ്ങൾക്കിടെ പ്രത്യാക്രമണത്തെക്കുറിച്ചു പറയുന്നത് അനുചിതമായിരിക്കുമെന്ന് ബ്രിട്ടീഷ്, ഫ്രഞ്ച് മന്ത്രിമാർ സൂചിപ്പിച്ചത്രേ. ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണിയിൽനിന്ന് ഇറാനും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളും പിന്മാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെടുകയുണ്ടായി.
Source link