ഹേമ കമ്മിറ്റിയോട് നാല് മണിക്കൂറോളം സംസാരിച്ചിരുന്നു; റിപ്പോർട്ട് പുറത്തുവന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് മുകേഷ്
തിരുവനന്തപുരം : ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് നടനും കൊല്ലം എം എൽ എയുമായ മുകേഷ്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂറോളം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയിലെ മാത്രമല്ല, എല്ലാ മേഖലയിലെയും സ്ത്രീകൾ സുരക്ഷിതരായിരിക്കണമെന്നും മുകേഷ് പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇന്ന് റിപ്പോർട്ട് പുറത്തുവിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്നും കോടതി നേരത്തെ അറിയിച്ചിരുന്നു. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്.
ഹേമ കമ്മിറ്റിക്ക് മുന്നിൽമൊഴി നൽകിയവരുടെ കൂട്ടത്തിൽ താനുമുണ്ടെന്ന് നടിയുടെ ഹർജിയിൽ പറയുന്നു. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്ന് സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്‌നമില്ലെങ്കിലും അനുബന്ധ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന.
Source link