100 മതിയായിരുന്നിടത്ത് 500 ചെലവാക്കി, ഇനി 25000 മുതൽ കൊടുക്കേണ്ടി വരും കേരളത്തിൽ
‘ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ടെത്തിയുമില്ല’ എന്ന പഴഞ്ചൊല്ല് അച്ചെട്ടായത് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ കാര്യത്തിലാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മുദ്രപ്പത്രം വാങ്ങാൻ ജനങ്ങൾ തെക്കുവടക്ക് ഓടുന്നതു കാണുമ്പോഴാണ് ഈ ചൊല്ല് ഓർമ്മവരുന്നത്. ഇ സ്റ്രാമ്പിംഗ് എന്ന വിപ്ളവകരമായ മാറ്റം കൊണ്ടുവരാൻ വകുപ്പ് കാട്ടിയ ആർജ്ജവം സ്വാഗതാർഹമാണ്. ഇനി ടെംപ്ളേറ്ര് സംവിധാനവും വരുന്നുണ്ട്. അതും സ്വാഗതാർഹം തന്നെ. നാടോടുമ്പോൾ നടുവേ ഓടണമല്ലോ. ‘പക്ഷെ പന്തളത്ത് ചെന്ന് കാത് പറിക്കാൻ ഇവിടുന്നേ ആട്ടിയാട്ടി പോണോ’ എന്നതാണ് പ്രശ്നം. ഇരിക്കും മുമ്പേ കാലു നീട്ടിയാൽ നഷ്ടമാവുന്നത് സ്വന്തം നടുവിന്റെ സൗഖ്യമാണ്.
വലയുന്നത് സാധാരണക്കാർ
ആധാരമെഴുത്ത് മാത്രമല്ലല്ലോ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾ. വസ്തു കൈമാറ്റത്തിന് മാത്രമല്ലല്ലോ മുദ്രപ്പത്രം വേണ്ടിവരിക. വിവിധ ജോലികളിൽ പ്രവേശിക്കാൻ ബോണ്ട് നൽകേണ്ട ഉദ്യോഗാർത്ഥികൾ, ലംപ്സം ഗ്രാന്റ് അടക്കമുള്ള ആനുകൂല്യങ്ങൾ കിട്ടേണ്ട വിദ്യാർത്ഥികൾ, വാടകകരാർ എഴുതേണ്ടവർ, ചിട്ടിപിടിക്കേണ്ടവർ സത്യവാങ്മൂലം നൽകേണ്ടവർ തുടങ്ങി മുദ്രപ്പത്രങ്ങൾ ആവശ്യമായി വരുന്ന നിരവധി ഇടപാടുകളാണ് നിത്യേന നടക്കുന്നത്. 20, 100, 200 രൂപയുടെ പത്രങ്ങൾക്കാണ് ഏറെ ആവശ്യക്കാരുള്ളത്. സംസ്ഥാനത്ത് ലൈസൻസുള്ള 1500 ഓളം വെണ്ടർമാരിൽ നിന്നാണ് ആവശ്യക്കാർ ഇവ വാങ്ങിയിരുന്നത്. പതിറ്റാണ്ടുകളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വെണ്ടർമാരുടെ ജീവിതമാർഗം കൂടിയാണ് മുദ്രപ്പത്ര വില്പന. ആൾക്കാർക്ക് ഏറെ ആവശ്യമുള്ള മേൽപ്പറഞ്ഞ തുകയുടെ പത്രങ്ങളാണ് മാസങ്ങളായി സംസ്ഥാനത്ത് കിട്ടാതായത്. തുടക്കത്തിൽ 500 രൂപയുടെ പത്രങ്ങൾ യഥേഷ്ടമുണ്ടായിരുന്നു. അതിനാൽ 100 രൂപ പത്രത്തിന്റെ ആവശ്യക്കാരായ സാധാരണക്കാരും വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളുമെല്ലാം 500 രൂപയുടെ ഇമ്മിണി കൂടിയ പത്രം വാങ്ങി കാര്യം സാധിച്ചു. അല്ലാതെ മറ്റു മാർഗമില്ലല്ലോ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇതും കിട്ടാതായി. എല്ലാത്തിനും പരിഹാരം കണ്ടെത്തുന്ന നമ്മുടെ ഔദ്യോഗിക മേധാവികൾ ഇക്കാര്യത്തിലും തങ്ങളുടെ വിരുത് കാട്ടി. കുറഞ്ഞ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങൾ മൂല്യം കൂട്ടി (റീവാലിഡേറ്റ്) 100, 200 രൂപയുടെ പത്രങ്ങൾക്ക് തുല്യമാക്കി മാറ്റി. അങ്ങനെ പുതിയ മൂല്യം ‘കൺഫർ’ ചെയ്തുകിട്ടിയ അഞ്ചുരൂപ, ഏഴുരൂപ പത്രങ്ങൾക്ക് പെട്ടെന്ന് വല്ലാത്ത പകിട്ടായി. പ്രതിസന്ധിക്ക് ഒരുവിധം പരിഹാരമായെങ്കിലും അത് നീണ്ടു നിന്നില്ല. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കുറഞ്ഞ തുകയുടെ പത്രങ്ങൾ കുറെ അധികം പൊടിപിടിച്ചു കിടക്കുന്നുണ്ടെങ്കിലും അതിന്മേൽ തിലകം ചാർത്തി മൂല്യം കൂട്ടാൻ അധികാരമുള്ള ഉദ്യോഗസ്ഥ വംശം എണ്ണത്തിൽ കുറവായതിനാൽ എല്ലായിടവും ഇത്തരം പത്രങ്ങൾ വേണ്ടപോലെ എത്തിയില്ല. അതോടെ ക്ഷാമം കടുത്തു. ഇനി സ്റ്റോക്കുള്ളത് 10,000, 25,000, 50,000 രൂപയുടെ പത്രങ്ങളാണ്. വാഹന രജിസ്ട്രേഷൻ പുതുക്കാനോ , വാടകചീട്ട് എഴുതാനോ പത്രം വേണ്ട പാവപ്പെട്ടവൻ അതിന് കാൽലക്ഷത്തിന്റെ പത്രം വാങ്ങണമെന്ന പറഞ്ഞാൽ, കുഴിയാനയെ എടുത്തുമാറ്റാൻ കൊമ്പനാനയെ കൊണ്ടുവരണമെന്ന് പറയും പോലെയാവില്ലെ.
പരിഷ്കാരങ്ങൾക്ക് എതിരല്ല പക്ഷേ…
ഇ സ്റ്റാമ്പിംഗിലേക്ക് മാറുന്നതോടെ മുദ്രപ്പത്രം അപ്രസക്തമാവുമെന്നത് ഉറപ്പാണല്ലോ. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കേന്ദ്രസർക്കാർ പ്രസിലാണ് മുദ്രപ്പത്രം അച്ചടിക്കുന്നത്. ആവശ്യത്തിനനുസരിച്ച് ഓർഡർ നൽകി വാങ്ങുകയാണ് പതിവ്. ഏതായാലും ഇസ്റ്റാമ്പിംഗിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾ തന്നെ നാസിക്കിൽ നിന്നുള്ള പത്രം വാങ്ങൽ വേണ്ടെന്ന തീരുമാനമങ്ങ് എടുത്തു. വെള്ളത്തിലേക്ക് ഇറങ്ങും മുമ്പ് തുണി പൊക്കുന്ന ഈ ഏർപ്പാടാണ് ജനത്തിന് പാരയായത്.
പരിഷ്കാരങ്ങൾക്ക് ആരും എതിരല്ല. പുതിയ സമ്പ്രദായവുമായി വെണ്ടർമാരും ആധാരമെഴുത്തുകാരും പൊതുജനങ്ങളുമെല്ലാം താദാത്മ്യപ്പെടാൻ കുറച്ചു സമയമെടുക്കുമല്ലോ. പിച്ച വയ്ക്കാതെയും വീഴാതെയും നടക്കാനാവില്ലല്ലോ. പൊരുത്തപ്പെടലിന്റെ ഈ ഒരു ഇടവേള കൂടി കണക്കിലെടുത്ത് കുറെക്കാലത്തേക്കുള്ള മുദ്രപ്പത്രങ്ങൾ സ്റ്റോക്കു ചെയ്യാതിരുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം.വെണ്ടർമാർക്ക് മതിയായ പരിശീലനം നൽകിയ ശേഷമെ മുദ്രപ്പത്രങ്ങളുടെ ഇടപാടുകൾ അവസാനിപ്പിക്കൂ എന്ന് നേരത്തെ സർക്കാർ ഉറപ്പുനൽകിയിരുന്നതാണ്. പക്ഷെ അത് വെറും കുറുപ്പിന്റെ ഉറപ്പായെന്ന് ഇപ്പോഴാണ് ബോദ്ധ്യമായത്.
സർക്കാർ ഓരോ പരിഷ്കാരങ്ങളും ജനനന്മ ലക്ഷ്യമിട്ടാണ് കൊണ്ടുവരുന്നത്. പരിഷ്കാരങ്ങൾക്ക് നേരെ മുഖംതിരിഞ്ഞു നിന്നിട്ട് കാര്യമില്ല. എന്നാൽ ഓരോ പുതിയ കാര്യത്തിലേക്ക് കടക്കുമ്പോഴും അതിന്റെ ഭവിഷ്യത്തുകൾ കൂടി മുൻകൂട്ടി കാണണമല്ലോ. കേന്ദ്രസർക്കാർ കൊണ്ടുവന്ന നോട്ട് നിരോധനത്തിന്റെ ചങ്കിടിപ്പിക്കുന്ന ഉദാഹരണം വേഗത്തിൽ മറക്കാവുന്നതല്ല. നിത്യേന ഉപയോഗിച്ച് ശീലമായിപ്പോയ 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പെട്ടെന്ന് അപ്രത്യക്ഷമായപ്പോൾ ജനം അനുഭവിച്ച ദുരിതം പറഞ്ഞുതീർക്കാവുന്നതല്ല. ഗൂഗിൾപേയും കാർഡ് സ്വൈപ്പിംഗും അത്ര പരിചിതമായിട്ടില്ലാത്ത സമയം കൂടിയായിരുന്നു അത്. അത്ര വേഗത്തിൽ ദഹിക്കാത്ത 2000ത്തിന്റെ നോട്ടുമായി നടന്ന പൊതുജനം , പൊതിയാ തേങ്ങ കൈയിൽകിട്ടിയ നായയുടെ പരുവത്തിലായി. ഒരു കിലോ അരിയും സ്വല്പം പലവ്യഞ്ജന സാധനങ്ങളും വാങ്ങി, 2000 ന്റെ നോട്ട് നീട്ടി ദൈന്യമുഖവുമായി നിൽക്കേണ്ടി വന്ന സാധുക്കളുടെ മുഖം അത്ര വേഗത്തിൽ മറക്കാനാവില്ല. എന്തു ചെയ്യണമെന്നറിയാതെ പരുങ്ങുന്ന കടഉടമയുടെ ദൈന്യതയും. എത്ര സമയം വേണ്ടിവന്നു അതിന്റെ ക്ഷീണത്തിൽ നിന്ന് ഒന്നു കരകയറാൻ. തീർത്തും വലിയ പാഠം പഠിക്കേണ്ട ഒരു ചരിത്ര സംഭവമായി അത് മാറി.
മുദ്രപ്പത്ര ക്ഷാമ വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടെപടൽ ഉണ്ടായേ മതിയാവൂ. ചെറിയതും എന്നാൽ സമയബന്ധിതമായി വേണ്ടതുമായ പലവിധ ആവശ്യങ്ങളാണ് ക്ഷാമം മൂലം വെള്ളത്തിലാവുന്നത്. മുദ്രപ്പത്രം കിട്ടിയില്ലെന്ന് കരുതി സെക്രട്ടേറിയറ്റ് പടിക്കൽ വന്ന് കുടിലും കെട്ടി സമരം നടത്താൻ ആരും തയ്യാറാവില്ല. എന്നാൽ ഇതിൽ പ്രതിഷേധമില്ലെന്നല്ല അർത്ഥമാക്കേണ്ടത്. നിശബ്ദമുള്ള വിതുമ്പലായി വേണം കരുതാൻ.
ഇതുകൂടി കേൾക്കണേ
സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുമ്പോൾ, എം.എ ബേബിയുടെ ശൈലിയിൽ പറഞ്ഞാൽ ഒരു ‘അവധാനത’യൊക്കെ കാട്ടണം.
Source link