KERALAMLATEST NEWS

ഹേമ കമ്മിറ്റി  റിപ്പോർട്ട്   പുറത്തുവിടുന്നതിൽ  വീണ്ടും  അനിശ്ചിതത്വം; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ വീണ്ടും അനിശ്ചിതത്വം. റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ രാവിലെ മാത്രമേ ഉണ്ടാകൂ. നടി ര‌ഞ്ജിനിയുടെ ഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുനരാലോചന. താൻ കോടതിയെ സമീപിച്ചതായി നടി ര‌‌ഞ്ജിനി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഹർജി കോടതി പരിഗണിക്കും. ഇത് കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്തുവിടുന്നതിൽ അന്തിമ തീരുമാനം നാളെ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ടിനായി അപേക്ഷിച്ച മാദ്ധ്യമപ്രവർത്തകരോട് നാളെ 11മണിക്ക് ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ട് നൽകുമോയെന്ന കാര്യത്തിൽ തീരുമാനം 11മണിക്കോ അതിന് മുൻപോ അറിയിക്കാനാണ് സാദ്ധ്യത.

പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി ര‌ഞ്ജിനി കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്ന് നടി പറയുന്നു. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്ന് സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും അനുബന്ധ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന. പ്രമുഖരായ ചിലർക്കെതിരെ സിനിമാ രംഗത്തെ വനിതകൾ നൽകിയ മൊഴിയും രേഖകളും ഈ ഭാഗത്തുണ്ട്. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടവർക്ക് നൽകാൻ എഡിറ്റഡ് രൂപം സാംസ്കാരിക വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.


Source link

Related Articles

Back to top button