ഫോഗട്ടിനു മെഡൽ ഇല്ല?
പാരീസ്/ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിനു മുന്‍പ് 100 ഗ്രാം ഭാരം കൂടുതലാണെന്ന കാരണത്താൽ അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന്റെ അപ്പീൽ രാജ്യാന്തര തർക്ക പരിഹാര കോടതി തള്ളിയേക്കുമെന്നു സൂചന. വെള്ളി മെഡൽ പങ്കിടണമെന്നതായിരുന്നു ഫോഗട്ടിന്റെ ആവശ്യം. ഫോഗട്ടിന്റെ അപ്പീലിൽ വിധി പ്രസ്താവന 16ലേക്കു നീക്കിവച്ചിരുന്നു. എന്നാൽ, ഫോഗട്ടിനു മെഡൽ ലഭിക്കില്ല എന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ. മൂന്നു മണിക്കൂർ നീണ്ട ഹിയറിംഗായിരുന്നു വിനേഷ് ഫോഗട്ടിനുവേണ്ടി രാജ്യാന്തര കായിക തർക്കപരിഹാര കോടതി നടത്തിയത്. വനിതാ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ ആദ്യദിനത്തിൽ നടന്ന മൂന്നു പോരാട്ടങ്ങളിലും വിനേഷ് ഫോഗട്ട് ആധികാരികമായി ജയിച്ചിരുന്നു.
ലോക ഒന്നാം നന്പറും ടോക്കിയോ ഒളിന്പിക്സ് ജേതാവുമായ ജപ്പാന്റെ യുയി സുസാകിയെ (3-2) പ്രീക്വാർട്ടറിലും യുക്രെയ്നിന്റെ ഒക്സാന ലിവാച്ചിനെ (7-5) ക്വാർട്ടറിലും ക്യൂബയുടെ യൂസ്നീരിസ് ഗുസ്മാനെ (5-0) സെമിയിലും കീഴടക്കിയാണ് ഫോഗട്ട് ഫൈനലിലെത്തിയത്. ആദ്യദിനം 49.9 കിലോഗ്രാമായിരുന്നു വിനേഷിന്റെ തൂക്കം. എന്നാൽ, പിറ്റേന്നു ഫൈനൽ പോരാട്ടത്തിനു മുന്‍പായി നടത്തിയ പരിശോധനയിൽ 50.1 കിലോഗ്രാമായി. ഇതോടെ അയോഗ്യത കൽപ്പിക്കുകയായിരുന്നു.
Source link