പ്രഫ. യൂനുസ് ക്ഷേത്രം സന്ദർശിച്ചു
ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ ന്യൂനപക്ഷം നേരിട്ട ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്ന് ഇടക്കാല സർക്കാരിന്റെ മേധാവി പ്രഫ. മുഹമ്മദ് യൂനുസ്. ധാക്കയിലെ പ്രശസ്തമായ ധാകേശ്വരി ക്ഷേത്രം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടക്കാല സർക്കാരിലെ നിയമവകുപ്പിന്റെ ചുമതലയുള്ള ആസിഫ് നസറുൾ, മതകാര്യ വകുപ്പിന്റെ മേധാവി ഖാലിദ് ഹുസൈൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രഫ. യൂനുസ് ക്ഷേത്രത്തിൽ ന്യൂനപക്ഷ നേതാക്കളുമായി ചർച്ച നടത്തി. അവകാശങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ വിവേചനം പാടില്ല. ഇടക്കാല സർക്കാരിനെ വിമർശിക്കുന്നതിനു മുന്പ് ക്ഷമ കാണിക്കണം. സർക്കാർ പരാജയപ്പെടുന്നെങ്കിൽ വിമർശിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ധാകേശ്വരി ക്ഷേത്രം സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ബംഗ്ലാദേശിന്റെ ദേശീയ ക്ഷേത്രമാണിത്. ഇതിനിടെ, ന്യൂനപക്ഷ ആരാധനാലയങ്ങൾക്കു നേർക്കുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹെൽപ്ലൈൻ ആരംഭിച്ചു. ക്ഷേത്രം, ക്രിസ്ത്യൻ പള്ളി, പഗോഡ തുടങ്ങിയ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടാൽ മൊബൈൽ നന്പറിൽ ബന്ധപ്പെടാം. ഷേഖ് ഹസീന ഭരണകൂടം നിലംപതിച്ച ഓഗസ്റ്റ് അഞ്ചിനു ഹൈന്ദവരുടെ ക്ഷേത്രങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, ഭവനങ്ങൾ എന്നിവ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. 52 ജില്ലകളിലായി 205 അക്രമസംഭവങ്ങൾ ഹൈന്ദവർക്കു നേർക്കുണ്ടായി.
Source link