ഉരുൾപൊട്ടൽ: ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും കണ്ടെടുത്തു
മേപ്പാടി: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നലെയും തുടർന്നു. ബന്ധുക്കളിൽ ചിലർ ഇന്നലെയും ദുരന്തഭൂമിയിൽ എത്തിയിരുന്നു. ഇന്നലെ ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും കണ്ടെടുത്തു. നിലമ്പൂർ മേഖലയിൽ നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹവും ഒരു ശരീരഭാഗവും വയനാട്ടിലെ കാന്തൻപാറയ്ക്ക് സമീപത്തെ ആനടിക്കാപ്പിൽ നിന്നും രണ്ട് ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 205 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നിലമ്പൂരിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പൊലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങൾ തെരച്ചിലിന് നേതൃത്വം നൽകി.
236 സന്നദ്ധ സേവകരാണ് ഇന്നലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ തെരച്ചിലിനായി ചൂരൽമല കൺട്രോൾ റൂമിൽ രജിസ്റ്റർ ചെയ്തത്. പ്രധാനമായും മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലായിരുന്നു സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചത്. ചൂരൽമല പാലത്തിന് താഴെ ഭാഗത്ത് വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങൾ കേന്ദ്രീകരിച്ചും പരിശോധന മുന്നേറി. അത്യധികം ദുഷ്‌കരമായ മേഖലയിൽ വനപാലകരും വിവിധ സേനവിഭാഗങ്ങളും പ്രദേശം പരിചയമുള്ള സന്നദ്ധ സേവകരും ചേർന്നായിരുന്നു തെരച്ചിൽ.
മലപ്പുറം ജില്ലയിലെ ചാലിയാറിൽ വിശദമായ തെരച്ചിൽ ഇന്നും തുടരും. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചു കിലോമീറ്റർ ദൈർഘ്യത്തിലാണ് പരിശോധനകൾ പൂർത്തിയാക്കുക. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് സേനകൾ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തെരച്ചിലിന് നേതൃത്വം നൽകുന്നത്. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിലിലിന് സന്നദ്ധ പ്രവർത്തകരെ അനുവദിച്ചിരുന്നില്ല.
Source link