മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ റെയ്ഡ്; എൻഐഎ വീടിനുള്ളിൽ കയറിയത് കതക് പൊളിച്ച്
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. കാക്കനാട് തേവയ്ക്കലിലുള്ള അദ്ദേഹത്തിന്റെ മകന്റെ വീട്ടിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. എട്ടുപേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ട്.
ഹെെദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയതെന്നാണ് വിവരം. എൻഐഎയുടെ തെലങ്കാനയിൽ നിന്നുള്ള സംഘമാണ് വാറണ്ടുമായി കൊച്ചിയിലെത്തിയത്. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ അഭിഭാഷകനെത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി. തുടർന്ന് ഉദ്യോഗസ്ഥർ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. റെയ്ഡിന് ശേഷം മുരളിയെ സംഘം ചോദ്യം ചെയ്‌തേക്കും.
ഹൃദ്രോഗിയായ മുരളി ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നാല് വർഷത്തോളം പൂനെ യേർവാഡ ജയിലിലായിരുന്ന മുരളി കണ്ണമ്പിള്ളി 2019ലാണ് മോചിതനായത്. കൊച്ചി ഇരുമ്പനം സ്വദേശിയായ ഇദ്ദേഹം 1976ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായിരുന്നു.
Source link