വയനാട്ടിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു; ലഭിച്ച ശരീരഭാഗങ്ങളുടെ ഡി എൻ എ ഫലം പുറത്തുവിടും
കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ തെരച്ചിൽ തുടരുന്നു. ചാലിയാറിന്റെ തീരങ്ങളിൽ വിവിധ മേഖലകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്. ദുഷ്‌കരമായ ഇടങ്ങളിൽ സർക്കാർ ഏജൻസികളും, ബാക്കിയുള്ള സ്ഥലത്ത് സന്നദ്ധപ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്.
തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങലുടെയും ഡി എൻ എ പരിശോധന ഫലം ഇന്നുമുതൽ പുറത്തുവിട്ടുതുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന തൊണ്ണൂറ് ശതമാനത്തോളം പേരുടെ സാമ്പിളുകൾ നേരത്തെ ശേഖരിച്ചിരുന്നു. ഇവ ഒത്തുനോക്കിയായിരിക്കും മരിച്ചയാളെ തിരിച്ചറിയുക.
അതേസമയം, ഇന്നലെ കാന്തൻപാറ സൂചിപ്പാറ വെളളച്ചാട്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ മൂന്ന് ശരീരഭാഗങ്ങൾ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് എയർലിഫ്റ്റ് ചെയ്യാനായിരുന്നില്ല.ഒടുവിൽ സന്നദ്ധ പ്രവർത്തകർ ചുമന്ന് മൂന്ന് ശരീര ഭാഗങ്ങളും മേപ്പാടിയിലെത്തിച്ചു. ഇവ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. അട്ടമലയിൽ നിന്ന് ലഭിച്ച എല്ലിൻ കഷ്ണം മനുഷ്യന്റേതാണോയെന്ന് സ്ഥിരീകരിക്കാനും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വയനാടെത്തി കർമ്മം ചെയ്യാൻ ഐവർ മഠം
ദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യകർമം ചെയ്യാൻ പറ്റാത്ത കുടുംബാഗംങ്ങൾക്ക് വേണ്ടി അവിടെയെത്തി സൗജന്യമായി കർമം ചെയ്ത് നൽകുമെന്ന് ഐവർമഠം കൃഷ്ണപ്രസാദ് വാര്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തത്തിൽ മരിച്ചവർക്കായി 13 ന് രാവിലെ ആറിന് തിരുവില്വാമല പാമ്പാടിയിലെ ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം നിളാ നദീതീരത്ത് മരണാനന്തര കർമം ചെയ്ത് പ്രാർഥിക്കുമെന്നും പറഞ്ഞു.
ദുരന്തത്തിന്റെ 16 ാം ദിവസമായ 14 ന് ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 100 ഓളം പേർക്ക് അന്നദാനവും നടത്തുന്നുണ്ട്. എം മനോജ്, സി പ്രസന്നൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 9446295160.
Source link