വീട്ടുപരിസരത്ത് അണ്ണാനോ എലിയോ ഉണ്ടോ? എങ്കിൽ കാര്യമായി സൂക്ഷിച്ചോളൂ
ആലപ്പുഴ: ജില്ലയിൽ മൂന്നുപേർക്ക് ചെള്ളുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതാനിർദ്ദേശവുമായി ജില്ലാ ആരോഗ്യ വിഭാഗം. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ കാരണമുള്ള പകർച്ചവ്യാധിയാണ് ചെള്ളുപനി. ചെറുജീവികളായ ചെള്ളുകളുടെ ലാർവദശയായ ചിഗർമൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. ചെള്ള് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടിയേറ്റഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്നുതടിച്ച പാടായി കാണുകയും പിന്നീട്, കറുത്ത വ്രണമായി മാറുകയും ചെയ്യും.
ലക്ഷണങ്ങൾ
നീണ്ടുനിൽക്കുന്ന പനി
തലവേദന
കണ്ണുചുവക്കൽ
കഴല വീക്കം
പേശി വേദന
വരണ്ടചുമ
വളർത്തുമൃഗങ്ങളെ അകറ്റിനിർത്തണം
കുഞ്ഞുങ്ങൾ മണ്ണിൽ കളിച്ചാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകാനും വളർത്തുമൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കണം.
പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.വ്യക്തിഗത സുരക്ഷാമാർഗ്ഗങ്ങൾ (ഗം ബൂട്ട്, കാലുറ) ധരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ കുറ്റിച്ചെടിയിലും നിലത്തുമിട്ട് ഉണക്കരുത്.
വീട്ടു പരിസരത്തെ കുറ്റിച്ചെടികൾ വെട്ടി വൃത്തിയാക്കുക. പുൽമേടുകളിലോ, വനപ്രദേശത്തോപോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം തേച്ചുരച്ച് കഴുകാനും വസ്ത്രങ്ങൾ അലക്കിയിടാനും മറക്കരുത്.
Source link