ദിൽ ദിൽ… പാരീസിൽ ഇന്ത്യയുടെ സന്പാദ്യം ആറു മെഡൽ, അരികെ നഷ്ടപ്പെട്ടത് ആറ് എണ്ണം
പാരീസിനോടുള്ള പ്യാരുമായി ഇന്ത്യൻ ടീം ഒളിന്പിക്സ് പോരാട്ടം അവസാനിപ്പിച്ചു തിരികെ നാട്ടിലേക്ക്… ശുഭദിനങ്ങളല്ലായിരുന്നെങ്കിലും ഉള്ളതുകൊണ്ട് സന്തോഷത്തോടെ 2024 ഒളിന്പിക്സ് പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു, 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ശുഭപ്രതീക്ഷയുമായി… പകരക്കാരുൾപ്പെടെ 117 അംഗങ്ങളുമായാണ് ഇന്ത്യ 33-ാം ഒളിന്പിക്സിനായി പാരീസിൽ എത്തിയത്. ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെ ആറു മെഡലേ പാരീസിൽ ഇന്ത്യക്കു നേടാനായുള്ളൂ. എന്നാൽ, ഹോക്കിയിൽ ഇന്ത്യ വെങ്കലം നിലനിർത്തിയതും വനിതാ ഷൂട്ടിംഗ് താരം മനു ഭാകറിന്റെ ഇരട്ട മെഡലും അത്ലറ്റിക്സിൽ നീരജ് ചോപ്രയുടെ വെള്ളിയുമാണ് പാരീസിൽ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടം. പിഴച്ചത് എവിടെ ഒളിന്പിക് ചരിത്രത്തിൽ ഒരു എഡിഷനിലെ മെഡൽ നേട്ടം രണ്ടക്കത്തിൽ എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ, ഇന്ത്യ മെഡൽ പ്രതീക്ഷിച്ച പലയിനങ്ങളിലും തിരിച്ചടി നേരിട്ടു. അതിൽ ഏറ്റവും ഹൃദഭേദകമായത് വനിതാ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫോഗട്ടിനെ ഫൈനലിനു മുന്‍പ് അയോഗ്യയാക്കിയതായിരുന്നു. കോടതി കനിഞ്ഞാൽ വിനേഷിനു വെള്ളി ലഭിച്ചേക്കും. അങ്ങനെയെങ്കിൽ ഇന്ത്യൻ മെഡൽ നേട്ടം ഏഴിലെത്തും. ചരിത്രത്തിൽ ഒരു ഒളിന്പിക്സിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ മെഡൽ നേട്ടം 2020 ടോക്കിയോയിൽ നേടിയ ഏഴാണ്. അന്ന് ഒരു സ്വർണം, രണ്ടു വെള്ളി, നാലു വെങ്കലം എന്നിങ്ങനെയായിരുന്നു ഏഴു മെഡൽ. ഭാരോദ്വഹനത്തിൽ മീരബായ് ചാനു, പുരുഷ ബാഡ്മിന്റണ്‍ ഡബിൾസിൽ സാത്വിക്സായ്രാജ്-ചിരാഗ് ഷെട്ടി, ബോക്സിംഗിൽ ലവ്ലിന ബോർഗോഹെയ്ൻ, നിഖത് സരീൻ, ഷൂട്ടിംഗിൽ സിഫത്ത് കൗർ സമ്ര, വനിതാ ബാഡ്മിന്റണിൽ പി.വി. സിന്ധു എന്നിവരെല്ലാം പാരീസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്നു. പുരുഷ ബാഡ്മിന്റണിൽ ലക്ഷ്യ സെന്നിന്റെ പോരാട്ടം മെഡലിലേക്ക് എത്താതിരുന്നതും ഇന്ത്യക്കു തിരിച്ചടിയായി. ആറ് മെഡലിനരികെവരെ ഇന്ത്യ എത്തിയിരുന്നു എന്നതും ശ്രദ്ധേയം. ആറ് ഇനത്തിൽ ഇന്ത്യ നാലാം സ്ഥാനത്തായി. നീരജ് ചോപ്ര (വെള്ളി) പാരീസ് ഒളിന്പിക്സിൽ ജാവലിൻ ത്രോയിൽ തുടർച്ചയായി സ്വർണമെഡൽ നേടാനായില്ലെങ്കിലും നീരജ് ചോപ്ര ഇന്ത്യക്കു വെള്ളി മെഡൽ സമ്മാനിച്ചു. ഒളിന്പിക്സിൽ തുടർച്ചയായ പോഡിയം ഫിനിഷിലൂടെ ജാവലിൻത്രോ ലോകത്തിൽ നിർണായക സ്ഥാനത്തുണ്ടെന്നു വ്യക്തമാക്കാൻ നീരജിനായി. ഒളിന്പിക്സ് അത്ലറ്റിക്സിൽ തുടർച്ചയായി രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റിക്കാർഡിലെത്താൻ നീരജിനായി. 89.45 മീറ്റർ ദൂരേയ്ക്കു ജാവലിൻ പായിച്ചായിരുന്നു നീരജ് വെള്ളി സ്വന്തമാക്കിയത്. 2020 ടോക്കിയോയിലേതിനേക്കാൾ മികച്ച പ്രകടനം; എന്നാൽ, അന്നു നേടിയ സ്വർണ മെഡലിന്റെ നിറം മാറാതെ കാത്തുസൂക്ഷിക്കാൻ സാധിച്ചില്ല. ടോക്കിയോ ഒളിന്പിക്സിൽ 87.58 മീറ്ററുമായായിരുന്നു നീരജ് സ്വർണം സ്വന്തമാക്കിയത്. 2020 ടോക്കിയോ ഒളിന്പിക്സിൽ രണ്ടാം ശ്രമത്തിലായിരുന്നു നീരജ് സ്വർണം സ്വന്തമാക്കിയ 87.58 മീറ്റർ എന്ന ദൂരം കുറിച്ചത്. പാരീസിലും രണ്ടാം ശ്രമത്തിലായിരുന്നു നീരജിന്റെ വെള്ളി മെഡൽ. യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ ജാവലിൻ പായിച്ച് ഒന്നാം സ്ഥാനത്തോടെയായിരുന്നു നീരജ് ഫൈനലിലേക്കു മുന്നേറിയത്. മനു ഭാകർ (വെങ്കലം) പാരീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഷൂട്ടിംഗിലൂടെ മനു ഭാകർ നല്‍കിയതാണ്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മനു ഭാകർ വെങ്കല മെഡലിൽ മുത്തമിട്ടത്. ഒളിന്പിക്സിൽ ഒരു ഇന്ത്യൻ വനിതാ ഷൂട്ടറുടെ ആദ്യ മെഡലുമാണിത്. 221.7 പോയിന്റുമായാണ് മനു ഭാകർ വെങ്കലത്തിൽ മുത്തമിട്ടത്. ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടിലും ഇന്ത്യയുടെ യുവതാരം മൂന്നാം സ്ഥാനത്തായിരുന്നു. ഫൈനലിന്റെ തുടക്കം മുതലേ മൂന്നാം സ്ഥാനം നിലനിർത്താൻ മനുവിനായി. 12 വർഷത്തിനുശേഷമാണ് ഒളിന്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യ മെഡൽ നേടുന്നത്. 2012 ലണ്ടൻ ഒളിന്പിക്സിലാണ് ഇന്ത്യ അവസാനമായി ഷൂട്ടിംഗിൽ മെഡൽ നേടിയത്. ഒളിന്പിക് ഷൂട്ടിംഗിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണ് മനു നേടിയത്. അഭിനവ് ബിന്ദ്ര, രാജ്യവർധൻ സിംഗ് റത്തോഡ്, വിജയ് കുമാർ, ഗഗൻ നാരംഗ് എന്നിവരാണ് ഇതിനുമുന്‍പ് മെഡൽ നേടിയവർ.ടോക്കിയോ ഒളിന്പിക്സിൽ മെഡൽ പ്രതീക്ഷയുമായെത്തി ഫൈനലിൽ പോലുമെത്താതെ വെറുംകയ്യോടെ മടങ്ങേണ്ടിവന്ന മനുവിന്റെ വൻ തിരിച്ചുവരവാണ് പാരീസിലെ ഷൂട്ടിംഗ് റേഞ്ചിൽ കണ്ടത്.
പുരുഷ ഹോക്കി (വെങ്കലം) ഇന്ത്യൻ പുരുഷ ഹോക്കി ടീം പാരീസ് ഒളിന്പിക്സിൽ ചരിത്രമെഴുതിയാണ് മടങ്ങിയത്. ടോക്കിയോ ഒളിന്പിക്സിനു പിന്നാലെ ഇന്ത്യൻ പുരുഷ ഹോക്കി ടീം പാരീസ് ഒളിന്പിക്സിലും വെങ്കലമെഡലിലെത്തി. വെങ്കലത്തിനായുള്ള ആവേശപോരാട്ടത്തിൽ ഇന്ത്യ 2-1ന് സ്പെയിനിനെ തോൽപ്പിച്ചു. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ അസാമാന്യ പ്രകടനമാണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം ഒളിന്പിക് മെഡലോടെ ശ്രീജേഷ് വിരമിക്കുകയും ചെയ്തു. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ടു ഗോളും നേടിയത്. 52 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഹോക്കിയിൽ തുടർച്ചയായി മെഡൽ നേടുന്നത്. 1948 ലണ്ടൻ ഒളിന്പിക്സ് മുതൽ 1972 മ്യൂണിക് ഒളിന്പിക്സ് വരെ തുടർച്ചയായ ഏഴ് ഒളിന്പിക്സിൽ ഇന്ത്യ മെഡൽ നേടി. ഇതിനു മുന്‍പ് 1928 ആംസ്റ്റർഡാം ഒളിന്പിക്സ് മുതൽ 1936 വരെ ഹാട്രിക് സ്വർണമെഡൽ നേട്ടം കൈവരിച്ചു. ഒളിന്പിക് ഹോക്കിയിൽ എട്ട് സ്വർണം, ഒരു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ 13 മെഡലുകളുമായി ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യമെന്ന റിക്കാർഡ് ഇന്ത്യ ഉയർത്തി. ഓസ്ട്രേലിയയാണ് (10) രണ്ടാമത്. ഗ്രൂപ്പ് ബിയിൽ ശക്തരായ ഓസ്ട്രേലിയ, ബെൽജിയം ടീമുകൾക്കൊപ്പം ഉൾപ്പെട്ട ഇന്ത്യ അഞ്ചു കളിയിൽ മൂന്നു ജയം, ഒരു സമനില, ഒരു തോൽവി എന്നിങ്ങനെ പത്തുപോയിന്റുമായാണ് ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് സെമിയിലെത്തിയത്. സെമിയിൽ ജർമനിയോട് തോറ്റു. മലയാളി സൂപ്പർ താരം പി.ആർ. ശ്രീജേഷിന്റെ അവസാന രാജ്യാന്തര പോരാട്ടമായിരുന്നു പാരീസ് ഒളിന്പിക്സ്. പാരീസിലേക്കു പുറപ്പെടുംമുന്പുതന്നെ തന്റെ വിരമിക്കൽ തീരുമാനം ശ്രീജേഷ് അറിയിച്ചിരുന്നു. മനു-സരബ് (വെങ്കലം) 10 മീറ്റര്‍ എയര്‍ പിസ്റ്റൾ മിക്സഡ് ടീമിൽ മനു ഭാകര്‍ -സരബ്ജോത് സിംഗ് സഖ്യത്തിന്റെ വെങ്കലനേട്ടത്തോടെ ഇന്ത്യയും മനു ഭാകറും ഒളിന്പിക്സിൽ പുതിയൊരു ചരിത്രമാണ് കുറിച്ചത്. ടീം ഇനത്തിലും വിജയിയായതോടെ സ്വാതന്ത്ര്യാനന്തരം ഒരു ഒളിന്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരമെന്ന ബഹുമതിയും മനു സ്വന്തമാക്കി. സ്വപ്നിൽ (വെങ്കലം) സ്വപ്നിൽ കുസാലെയിലൂടെ പാരീസ് ഒളിന്പിക്സിന്റെ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യ മൂന്നാം മെഡൽ നേടി. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിലാണ് സ്വപ്നിലിന്റെ വെങ്കലമെഡൽ നേട്ടം. 451.4 പോയിന്റുമായാണ് ഇന്ത്യൻ ഷൂട്ടർ ചൈന, യുക്രെയിൻ ഷൂട്ടർമാർക്കു പിന്നിലായത്. ഈ ഇനത്തിൽ ഇന്ത്യ ഒളിന്പിക്സിൽ നേടുന്ന ആദ്യത്തെ മെഡലാണ്. ഒളിന്പിക്സിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ ഷൂട്ടറാണ് കുസാലെ. ഒരു ഒളിന്പിക്സ് പതിപ്പിൽ ആദ്യമായാണ് ഇന്ത്യ ഷൂട്ടിംഗിൽ മൂന്നു മെഡൽ നേടുന്നത്. അമൻ (വെങ്കലം) ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഇരുപത്തിയെന്നുകാരനായ അമൻ ഷെഹ്റാവത്തിന്റെ വെങ്കലമെഡലിലൂടെയായിരുന്നു. ഷെഹ്റാവത്തിന്റെ ആദ്യ ഒളിന്പിക്സാണ്. വെങ്കല മെഡൽ പോരാട്ടത്തിൽ പ്യൂട്ടോ റിക്കയുടെ ഡാർവിൻ ക്രൂസിനെ 13 – 5 എന്ന വ്യത്യാസത്തിൽ മലർത്തിയടിച്ചാണ് അമൻ ഇന്ത്യൻ പതാക പാരീസിലെ ഗോദയിൽ പാറിച്ചത്. പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രീസ്റ്റൈല്‍ ഗുസ്തിക്കാരനും ഷെഹ്റാവത്തായിരുന്നു. പാരീസിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അമനാണ്. ഇന്ത്യൻ മെഡൽ ഇനം, സ്വർണം, വെള്ളി, വെങ്കലം, ആകെ അത്ലറ്റിക്സ് 00-01-00-01 ഷൂട്ടിംഗ് 00-00-03-03 ഹോക്കി 00-00-01-01 ഗുസ്തി 00-00-01-01 ആകെ 00-01-05-06
Source link