ബംഗ്ലാദേശ് ചീഫ് ജസ്റ്റീസിനെ വിദ്യാർഥികൾ രാജിവയ്പിച്ചു
ധാക്ക: വിദ്യാർഥി പ്രക്ഷോഭകരുടെ അന്ത്യശാസനത്തെത്തുടർന്ന് ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഒബെയ്ദുൾ ഹസൻ രാജിവച്ചു. ഷേഖ് ഹസീന ഭരണകൂടം വീണ് അഞ്ചാം ദിനമാണ് ചീഫ് ജസ്റ്റീസിന്റെ രാജി. ചീഫ് ജസ്റ്റീസ് ഇന്നലെ ഫുൾ കോർട്ട് യോഗം വിളച്ചതാണ് സംഭവങ്ങളുടെ തുടക്കം. യോഗം ജുഡീഷൽ അട്ടിമറിയാണ് എന്നാരോപിച്ച വിദ്യാർഥികൾ സുപ്രീംകോടതിയിലേക്കു മാർച്ച് ചെയ്തു. ജുഡീഷറി സംവിധാനം പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട വിദ്യാർഥികൾ ഹസീനയുടെ അവാമി ലീഗ് പാർട്ടിയോടു വിധേയത്വമുള്ള ചീഫ് ജസ്റ്റീസും മറ്റ് ജഡ്ജിമാരും ഉച്ചയ്ക്ക് ഒരു മണിക്കകം രാജിവയ്ക്കണമെന്ന് അന്ത്യശാസനം നല്കി. ഫുൾ കോർട്ട് യോഗം റദ്ദാക്കിയ ചീഫ് ജസ്റ്റീസ് ഒരുമണിയോടെ രാജിക്കത്ത് നല്കി. ഇടക്കാല സർക്കാരിൽ നിയമമന്ത്രിയുടെ പദവിയുള്ള നിയമോപദേശകൻ പ്രഫ. ആസിഫ് നസറുള്ളിനാണ് കത്ത് നല്കിയത്. അദ്ദേഹം പ്രസിഡന്റിനു കൈമാറുമെന്ന് അറിയിച്ചു. നൂറുകണക്കിനു വിദ്യാർഥികൾ കോടതിവളപ്പിലെത്തിയ പശ്ചാത്തലത്തിൽ സൈനികരും വിന്യസിക്കപ്പെട്ടു. വിദ്യാർഥികൾ ശാന്തരാകണമെന്നും ഗവൺമെന്റ് കെട്ടിടങ്ങൾ നശിപ്പിക്കരുതെന്നും സൈന്യം അഭ്യർഥിച്ചു. രാജ്യത്തെ മുഴുവൻ ജഡ്ജിമാരുടെയും സുരക്ഷ പരിഗണിച്ചാണ് രാജിയെന്ന് ചീഫ് ജസ്റ്റീസ് ഹസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുപ്രീംകോടതിയിലെ മറ്റു ജഡ്ജിമാരുടെ രാജിക്കാര്യം അവർതന്നെ തീരുമാനിക്കുമെന്നും വ്യക്തമാക്കി.
വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷേഖ് ഹസീന പ്രധാനമന്ത്രിപദം രാജിവച്ച് ഇന്ത്യയിലേക്കു പലായനം ചെയ്തത് തിങ്കളാഴ്ചയാണ്. നൊബേൽ ജേതാവായ സാന്പത്തികവിദഗ്ധൻ പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച അധികാരമേറ്റു. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ച് തെരഞ്ഞെടുപ്പു നടത്താനാണ് പ്രഫ. യൂനുസിന്റെ ഉദ്ദേശ്യം. ഹസീന തിരിച്ചുവരുമെന്ന് മകൻ ലണ്ടൻ: ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലുടൻ ഷേഖ് ഹസീന രാജ്യത്ത് തരിച്ചെത്തുമെന്ന് അവരുടെ മകൻ സജീബ് വാസെദ് ജോയ്. ഇന്ത്യയിലുള്ള ഹസീന ബ്രിട്ടൻ, സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ അഭയത്തിനു ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ കിംവദന്തികളാണ്. എവിടെയും അപേക്ഷ നല്കിയിട്ടില്ല. ബംഗ്ലാദേശിൽ മടങ്ങിയെത്തുകയാണ് അമ്മയുടെ ലക്ഷ്യം. അമ്മ ബംഗ്ലാദേശിലെത്തിയാൽ വീണ്ടും രാഷ്ട്രീയത്തിലിറങ്ങുമോ എന്നതിൽ തീരുമാനമായിട്ടില്ല. ഇപ്പോഴത്തെ സംഭവങ്ങളിൽ അമ്മ വളരെ നിരാശയിലാണ്. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു നടന്നാൽ അവാമി ലീഗ് ജയിക്കുമെന്നുറപ്പാണ്. ബംഗ്ലാദേശിൽ അധികാരമേറ്റ ഇടക്കാല സർക്കാർ ഭരണഘടനാവിരുദ്ധമാണ്. തെരഞ്ഞെടുപ്പ് 90 ദിവസത്തിനകം നടത്തേണ്ടതുണ്ട് -യുഎസിലുള്ള ജോയ് ബിബിസിയോടു പറഞ്ഞു.
Source link