പ്രധാനമന്ത്രി നാളെ വയനാട്ടിൽ, ദുരന്തബാധിത പ്രദേശങ്ങളിൽ ശനിയാഴ്ച തെരച്ചിൽ ഇല്ല
കല്പറ്റ : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വയനാട്ടിലെത്തും. ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കും. നാളെ രാവിലെ 11.20ന് എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. . മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമുണ്ടാകും
വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്ടറിലായിരിക്കും നരേന്ദ്രമോദി ദുരന്ത ബാധിത മേഖലയിലേക്ക് പോകുക. ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. പിന്നാലെ റിവ്യു മീറ്റിംഗും നടത്തും. ദുരന്തബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്നുമണിക്കൂർ സന്ദർശനമാണ് നടത്തുക.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് മുണ്ടക്കൈ, ചൂരൽമല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളിൽ നാളെ തെരച്ചിൽ ഉണ്ടാകില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ സന്നദ്ധപ്രവർത്തകർക്കും തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനം ഉണ്ടാകില്ല. ഞായറാഴ്ച തെരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതിനിടെ വയനാട് ദുരന്തത്തെ എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ദുരന്ത മേഖലയിലെ പുനർനിർമ്മാണങ്ങൾക്കായി സംസ്ഥാനം 2000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Source link