ക്രിസ്ത്യൻ യുവതികൾക്കെതിരേ മതനിന്ദാക്കുറ്റത്തിനു കേസ്
ലാഹോർ: ഖുറാനെ അവഹേളിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാനിൽ ക്രൈസ്തവ യുവതികൾക്കെതിരേ കേസ്. പഞ്ചാബ് പ്രവിശ്യയിലെ ടൊബാ ടെക് സിംഗ് ജില്ലയിൽപ്പെട്ട ഗൊജ്ര സ്വദേശിനികളായ സെയ്മ മസിഹ് (20), സഹോദരി സോണിയ മസിഹ് (18) എന്നിവർക്കെതിരേയാണു പോലീസ് കേസെടുത്തത്. വീടിനു പുറത്ത് ഖുർ ആനിന്റെ പേജുകൾ അടങ്ങിയ ചാക്ക് വലിച്ചെറിഞ്ഞതിന് നാട്ടുകാരുടെ പരാതിപ്രകാരമാണു കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ ജനക്കൂട്ടം സഹോദരിമാരെ ക്രൂരമായി മർദിക്കുകയും ചെയ്തു. സെയ്മയെ മർദിച്ചശേഷം ജനക്കൂട്ടം പോലീസിനെ ഏൽപ്പിച്ചു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സോണിയയ്ക്കായി പോലീസ് തെരച്ചിൽ നടത്തിവരികയാണ്. സംഭവത്തെത്തുടർന്ന് അക്രമം ഭയന്ന് യുവതികളുടെ കുടുംബം സ്ഥലത്തുനിന്ന് താമസം മാറ്റി.
അതേസമയം, യുവതികൾക്കെതിരേയുള്ള ആരോപണം വ്യാജമാണെന്ന് മൈനോറിറ്റീസ് അലയൻസ് പാക്കിസ്ഥാൻ ചെയർമാൻ അഡ്വ. അക്മൽ ഭാട്ടി പറഞ്ഞു. യുവതികളുടെ കുടുംബവുമായി ശത്രുതയിലുള്ള അയൽവാസിയാണു വ്യാജ പ്രചാരണം നടത്തി ആളുകളെ വിളിച്ചുകൂട്ടിയതെന്നും ഭാട്ടി കൂട്ടിച്ചേർത്തു.
Source link