KERALAMLATEST NEWS

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലൈബ്രറി കൗണ്‍സില്‍ ഒരു കോടി രൂപ കൈമാറി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി. ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു കൈമാറി. ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ജീവനക്കാരും ലൈബ്രേറിയന്മാരും ലൈബ്രറികളും വിഹിതമായി സംഭാവന ചെയ്ത തുകയാണ് ആദ്യഘട്ടമായി നല്‍കിയത്.

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവരെ പുനഃരധിവസിപ്പിക്കുന്നതിനായി കേരളത്തിലെ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ 13 വീടുകളും പുനരധിവാസ കേന്ദ്രത്തില്‍ ലൈബ്രറിയും നിര്‍മിച്ചു നല്‍കും. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലൈബ്രറി കൗണ്‍സില്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിക്കണമെന്ന് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി.ജയന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ.പി.കെ.ഗോപന്‍, പ്രൊഫ. ടി.കെ.ജി. നായര്‍, ജി.കൃഷ്ണകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.സിനി തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

നിലവില്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റീഡിംഗ് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തനത്തിനായി ഗ്രന്ഥശാലകളില്‍ രൂപീകരിച്ച അക്ഷരസേന അംഗങ്ങള്‍ ദുരന്തമുഖത്തും ദുരിതാശ്വാസ കേന്ദ്രങ്ങളിലും സജീവമാണ്. വയനാട് ജില്ലയില്‍ പാലിയേറ്റീവ് കെയറിനായി രൂപീകരിച്ച അക്ഷര സാന്ത്വനം പ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.


Source link

Related Articles

Back to top button