ഒരേറിൽ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി നീരജ്
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര ഒളിന്പിക് അത്ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യക്കായി ഏക മെഡൽ നേടിയ നീരജ് ചോപ്രയിലുള്ള രാജ്യത്തിന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. നീരജ്, നീ രാജ്യമെന്നുള്ള വിശ്വാസം അരക്കിട്ടുറപ്പിച്ച് 2024 പാരീസ് ഒളിന്പിക്സ് പുരുഷ ജാവലിൻത്രോയിൽ അദ്ദേഹം ഫൈനലിൽ. പ്രതീക്ഷാഭാരം പ്രകടനത്തിനു തിളക്കംവർധിപ്പിക്കുമെന്നു കാണിച്ചായിരുന്നു നീരജ് ചോപ്രയുടെ ഫൈനൽ പ്രവേശം. 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണത്തിലേക്കു ജാവലിൻ പായിച്ച നീരജ് ചോപ്ര, പാരീസിൽ യോഗ്യതാ റൗണ്ടിൽ ഏറ്റവും മികച്ച ദൂരം കുറിച്ചെന്നതും ശ്രദ്ധേയം. അതും ഒരേയൊരു ഏറിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ ഏറിൽത്തന്നെ 89.34 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്. 84 മീറ്ററായിരുന്നു ഫൈനൽ യോഗ്യത നേടാൻ വേണ്ടിയിരുന്നത്. ഗ്രൂപ്പ് ബിയിൽ മത്സരിച്ച നീരജ് ചോപ്ര, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് രാജകീയമായി ഫൈനലിലേക്കു മാർച്ചു ചെയ്തു. അതേസമയം, ഗ്രൂപ്പ് എയിൽ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരമായ കിഷോർ ജെന്നയ്ക്കു ഫൈനൽ ടിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചില്ല. 80.73 മീറ്റരായിരുന്നു ജെന്നയുടെ പ്രകടനം.
രണ്ടു ഗ്രൂപ്പിൽനിന്നുമായി ആദ്യ 12 സ്ഥാനക്കാരാണ് ഫൈനലിലേക്കു യോഗ്യത നേടിയത്. അതിൽ 84 മീറ്റർ എന്ന യോഗ്യതാ മാർക്ക് ഒന്പതുപേർ മാത്രമേ ക്ലിയർ ചെയ്തുള്ളൂ. ഇന്ത്യൻ സമയം നാളെ രാത്രി 11.55നാണ് ഫൈനൽ. മികച്ച ദൂരം ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടിയതിനേക്കാൾ മികച്ച ദൂരമാണ് ഇന്നലെ നീരജ് ചോപ്ര കുറിച്ചത്. ടോക്കിയോയിൽ നീരജിന് സ്വർണമെഡൽ സമ്മാനിച്ചദൂരം 87.58 മീറ്ററായിരുന്നു. ജർമനിയുടെ ലോക ചാന്പ്യൻ ജൂലിയൻ വെബറാണ് (87.76) നാളെ നടക്കുന്ന ഫൈനലിൽ നീരജിന്റെ ശക്തനായ എതിരാളി. യോഗ്യതാ റൗണ്ടിൽ 88.63 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, 86.59 മീറ്റർ കുറിച്ച പാക്കിസ്ഥാന്റെ നദീം അർഷാദ് എന്നിവരും ഫൈനലിൽ നീരജിനു വെല്ലുവിളി സൃഷ്ടിക്കും.
Source link