KERALAMLATEST NEWS

ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം, ഒന്നാം തീയതിയിലെ മദ്യവില്‍പ്പനയില്‍ ഉപാധികളോടെ മാറ്റത്തിന് ശുപാര്‍ശ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം ഈ മാസം അവസാനത്തോടെ നിലവില്‍ വന്നേക്കും. ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പനയ്ക്ക് ഉപാധികളോടെ മാറ്റം വരുത്താന്‍ ശുപാര്‍ശ. മദ്യനയത്തിന്റെ കരടിലാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഒന്നാം തീയതികളില്‍ മദ്യ വില്‍പ്പനയില്ലാത്തത് കാരണം കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ടൂറിസം വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡ്രൈ ഡേ പൂര്‍ണമായി പിന്‍വലിക്കുന്നതിന് പകരം ഭാഗികമായി മദ്യവിതരണം അനുവദിക്കുന്നതരത്തിലാണ് കരടിലെ ശുപാര്‍ശ.

ഒന്നാം തീയതികളില്‍ മദ്യഷോപ്പുകള്‍ പൂര്‍ണമായി തുറന്ന് പ്രവര്‍ത്തിക്കില്ല. അതിന് പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്നീ സാഹചര്യങ്ങളില്‍ പ്രത്യേക ഇളവ് നല്‍കുന്നതാണ് പരിഗണിക്കുന്നത്. ഒന്നാം തീയതിയില്‍ കേരളത്തില്‍ മദ്യവില്‍പ്പനയില്ലാത്തതിന്റെ പേരില്‍ നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്ക് വേദിയാകാനുള്ള അവസരം കേരളത്തിന് നഷ്ടമായതായി മുമ്പ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുതിയ മദ്യനയം രൂപീകരിക്കുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നപ്പോഴും ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒന്നാം തീയതിയില്‍ മദ്യഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ 12 അധിക ദിവസങ്ങള്‍ ലഭിക്കുമെന്നും നഷ്ടം നികത്താന്‍ കഴിയുമെന്നും അന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഡ്രൈ ഡേ പിന്‍വലിക്കണമെന്നത് ബാറുടമകളുടേയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്.

അതേസമയം, നയപരമായ കാര്യമായതിനാല്‍ തന്നെ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകില്ല. ഇടത് മുന്നണി യോഗത്തില്‍ കരട് മദ്യനയത്തിലെ തീരുമാനങ്ങള്‍ അറിയിക്കും. ഇതിന് പുറമേ സിപിഎം – സിപിഐ ഉഭയകക്ഷി ചര്‍ച്ചയും ഈ വിഷയത്തില്‍ നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി കാരണം പ്രതിഷേധമുണ്ടാകാത്ത രീതിയില്‍ മദ്യനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാരും പാര്‍ട്ടിയും ശ്രമിക്കുക. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി കണക്കിലെടുത്ത് വിവാദങ്ങള്‍ക്കുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം.


Source link

Related Articles

Back to top button