വയനാട് ദുരന്തം; ഇന്ന് തെരച്ചിൽ സൺറെെസ് വാലിയിൽ, ഇവിടെ പരിശോധന നടത്തുന്നത് ഇതാദ്യം
കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിൽ എട്ടാം നാളും തെരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ 400 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് സൂചിപ്പാറയിലെ സൺറെെസ് വാലി മേഖലയിൽ തെരച്ചിൽ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്ടർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.
ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെ 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്നലെ കൂട്ട സംസ്കാരം നടത്തി. ഉച്ചയ്ക്കു ശേഷം വിവിധ ഘട്ടങ്ങളിലായാണ് സംസ്കാരം നടന്നത്. രാത്രി 9 മണിയോടെയാണ് 52 പേരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. പൂർണമായതും ശരീരഭാഗങ്ങളും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് സംസ്കാരം.
ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും തുടർന്ന് ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകി. ശാസ്ത്രീയ പരിശോധനയിലുടെ തിരിച്ചറിഞ്ഞ് ബന്ധുക്കൾ വരികയാണെങ്കിൽ വീണ്ടും അന്ത്യകർമങ്ങൾ നടത്താനുള്ള അവസരങ്ങളൊരുക്കിയാണ് സംസ്കാരം നടത്തിയത്.
തിരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജ്ജിതമായി തുടരുകയാണെന്നും പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ സജ്ജമാക്കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ പറഞ്ഞു.
Source link