വയനാട് ഉരുള്‍പൊട്ടല്‍; കണ്ട്രോള് റൂമുകളില്‍ കെഫോണ്‍ കണക്ഷന് നല്കി
തിരുവനന്തപുരം, ഓഗസ്റ്റ് 5, 2024: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കെഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് നല്കി. ദുരന്തബാധിത പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റവന്യൂ കണ്ട്രോള് റൂമിലേക്കും പോലീസ് കണ്ട്രോള് റൂമിലേക്കും അതിവേഗ 500 എം.ബി.പി.എസ് കണക്ഷനുകളാണ് നല്‍കിയത്. വയനാട് സബ് കലക്ടറുടെ ആവശ്യപ്രകാരം കെഫോണ്‍ വൈഫൈ ഉപയോഗിക്കാനാവുന്ന കണക്ഷനുകളാണ് ഓഗസ്റ്റ് രണ്ടാം തീയതിയോടെ നല്‍കിയത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലാ ഭരണസിരാ കേന്ദ്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ധ്രുതഗതിയില്‍ നടത്താന്‍ സഹായകമായി.
വയനാടുണ്ടായ ദുരന്തത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും റെസ്ക്യൂ അടക്കമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് കെഫോണ്‍ കണക്ഷന് ലഭ്യമാക്കിയിരിക്കുന്നതെന്നും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് പറഞ്ഞു. എന്‍ജിനിയര്‍മാരുടെ അവിശ്വസനീയമായ പരിശ്രമം കാരണമാണ് ഇത്ര വേഗത്തില്‍ കണക്ഷന് ലഭ്യമാക്കാന്‍ കഴിഞ്ഞത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും റെസ്ക്യൂ ടീമുകള്‍ ഉള്‍പ്പടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ തടസമില്ലാത്ത ആശയവിനിമയം കെഫോണ്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source link